പെരുമ്പാവൂർ ഗവ. സെർവന്റ്‌സ് ക്വാർട്ടേഴ്‌സ്; അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതി

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. സെർവന്റ്‌സ് കോർട്ടേഴ്‌സിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മനോജ് മൂത്തേടൻ എം.എൽ.എ. അറിയിച്ചു. 44 ക്വാർട്ടേഴ്‌സുകളിൽ നിന്ന് ഒഴുകിവരുന്ന മലിനജലം ശേഖരിക്കുന്ന ടാങ്ക് നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി 18000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന പുതിയ കോൺക്രീറ്റ് ടാങ്ക് നിർമിക്കുന്നതിനുള്ള ടെൻഡർ നടപടി തുടങ്ങി.

പുതിയ ടാങ്ക് നിർമാണം പൂർത്തിയായി കഴിഞ്ഞാൽ മലിന ജലത്തിന്റെ കണക്ഷൻ പുതിയ ടാങ്കിലേക്ക് കൊടുത്തതിനുശേഷം നിലവിൽ ഉപയോഗിക്കുന്ന ടാങ്ക് ചെളികോരി വൃത്തിയാക്കും. പിന്നീട് രണ്ട് ടാങ്കുകളിലേക്കായി മലിനജലം തിരിച്ചുവിടുന്ന സംവിധാനം ഉണ്ടാക്കും. നിലവിലുള്ള സെപ്റ്റിക് ടാങ്ക് കൃത്യസമയങ്ങളിൽ വൃത്തിയാക്കുന്നതിനായി സംവിധാനം ഏർപ്പെടുത്തും. ക്വാർട്ടേഴ്‌സുകളുടെ പെയിന്റിങ്, മറ്റ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ജോലികൾ നടത്തുന്നതിനും ക്വാർട്ടേഴ്‌സുകളുടെ മുറ്റം ടൈൽ വിരിക്കുന്നത് ഉൾപ്പെടെയുളള പദ്ധതികൾക്കായി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകും.

ക്വാർട്ടേഴ്‌സിനോട് ചേർന്ന് കാടു കയറിക്കിടക്കുന്ന സ്ഥലം പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ച് വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് സൗകര്യമൊരുക്കും. അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എം.എൽ.എ. ക്വാർട്ടേഴ്‌സ് സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്‌സൺ കെ.എൻ. സംഗീത, നഗരസഭാ കൗൺസിലർ ഹൈറുന്നീസ നസീർ എന്നിവർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.