കൊച്ചി ഹാർബറിൽ അഞ്ച് കടകൾ തകർന്നു

നിർമാണപ്രവർത്തനങ്ങൾക്കിടെ കൂറ്റൻമരം മറിഞ്ഞുവീണു

തോപ്പുംപടി : ഹാർബർ നവീകരണത്തിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ കൊച്ചി ഫിഷറീസ് ഹാർബർ വളപ്പിലെ കൂറ്റൻമരം കടപുഴകിവീണു. ഹാർബറിന്റെ മുൻവശത്തെ മതിലിനോടുചേർന്നുള്ള മരമാണ് വീണത്. മരംവീണ് അഞ്ചുകടകൾ ഭാഗികമായി തകർന്നു.

മതിലിനോട് ചേർത്തുവെച്ചിരുന്ന രണ്ട് സൈക്കിളും തകർന്നു. കടയിലെ ഒരു ജീവനക്കാരന് പരിക്കേറ്റു.

തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. പി.കെ. നൈനാൻകുട്ടിയുടെ ചായക്കടയും കെ.കെ. യൂസഫ്, സി.എസ്. നിസാർ, ടി.എച്ച്. അബ്ബാസ്, ടി.എസ്. പ്രദീപ് എന്നിവരുടെ കൂൾഡ്രിങ്‌സ് കടകളുമാണ് തകർന്നത്.

സാധാരണ പുലർച്ചെ മുതൽ ഉച്ചവരെയാണ് ഇവിടെ തിരക്കുണ്ടാകുക. മരംവീണത് വൈകീട്ടായതിനാൽ വലിയ ദുരന്തം ഒഴിവായി. മട്ടാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാ സേനയും തോപ്പുംപടി പോലീസും സ്ഥലത്തെത്തി. തകർന്ന കടകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് തോപ്പുംപടി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ്.എ. ലത്തീഫ് ആവശ്യപ്പെട്ടു.