ഗതാഗതക്കുരുക്കിൽ മുറുകി പട്ടിമറ്റം

കോലഞ്ചേരി : നാലുംകൂടിയ പട്ടിമറ്റം കവലയിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പായുന്നതോടെ പട്ടിമറ്റത്ത് മിക്കപ്പോഴും ഗതാഗതക്കുരുക്ക് പതിവായി. നാലുവശത്തുനിന്നും ജങ്ഷനിലേക്കെത്തുന്ന വാഹനങ്ങൾ അപ്പോൾ തോന്നുന്ന ദിശയിലേക്ക് തിരിയും.
ഭാരവണ്ടികൾ എത്തുന്നതോടെ മിനിറ്റുകൾക്കുള്ളിൽ പട്ടിമറ്റം ജങ്ഷൻ ഗതാഗതക്കുരുക്കിലാകും. വൈകുന്നേരങ്ങളിൽ പട്ടിമറ്റത്തുകൂടി കടന്നുപോകാൻ വാഹനയാത്രക്കാർ പെടാപ്പാടുപെടുകയാണ്. ഇവിടെ ഗതാഗതക്കുരുക്കഴിക്കാൻ സ്ഥിരം പോലീസ് സാന്നിധ്യമില്ലാത്തതാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നു.
കോലഞ്ചേരി പെരുമ്പാവൂർ, മൂവാറ്റുപുഴ എറണാകുളം റോഡുകളാണ് പട്ടിമറ്റത്ത് സംഗമിക്കുന്നത്. ഇതിൽ കിഴക്കമ്പലം- നെല്ലാട് റോഡ് നിലവാരമുയർത്തി നിർമിച്ചതോടെ പട്ടിമറ്റം വഴിയുള്ള വാഹനങ്ങളും വർധിച്ചു.
എറണാകുളത്തുനിന്ന് ഹൈറേഞ്ച് ഭാഗത്തേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളും സ്ഥിരം യാത്രക്കാരുമടക്കം കൂടുതൽപേരും ഈ പാത തിരഞ്ഞെടുക്കുകയാണ്. കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ തിരുവാങ്കുളം ഭാഗത്തെ രൂക്ഷമായ ഗതാഗതക്കുരുക്കുമൂലം ഈ വഴിയാണ് കൂടുതൽപേരും തിരഞ്ഞെടുക്കുന്നത്.
നേരത്തേ തൃപ്പൂണിത്തുറ, തിരുവാങ്കുളം, മാമല, കോലഞ്ചേരി വഴി സഞ്ചരിച്ചിരുന്ന പല യാത്രക്കാരും കാക്കനാടുവഴി പട്ടിമറ്റത്തെത്തിയാണ് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്നത്. കാക്കനാട്ടേക്കുള്ള എളുപ്പവഴി കൂടിയായതോടെ തിരക്ക് വീണ്ടും കൂടി.
ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുകയും ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ പട്ടിമറ്റം ടൗണിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറഞ്ഞിരുന്നു. എന്നാൽ നിലവിലെ ക്രമീകരണങ്ങൾ നിലനിൽക്കുമ്പോഴും തിരക്ക് നിയന്ത്രിക്കാനാകുന്നില്ല. സ്റ്റേഷനിൽ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരില്ലാത്തതും വിവിധ എക്സ്ട്രാ ഡ്യൂട്ടികൾക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരുന്നതുമാണ് ടൗണിൽ സ്ഥിരമായി ഗതാഗതനിയന്ത്രണത്തിന് പൊലീസിനെ വിന്യസിക്കാൻ കഴിയാത്തതിന് കാരണമെന്നാണ് വിശദീകരണം.
മൂവാറ്റുപുഴ ഭാഗത്തുനിന്ന് നിരന്തരം എത്തുന്ന ടോറസ് ഉൾപ്പെടെയുള്ള വലിയ ലോറികളും കുരുക്കിന് കാരണമാകുന്നുണ്ട്്. ജങ്ഷനിൽ ഒറ്റയടിക്ക് തിരിയാൻ കഴിയാത്ത ഇത്തരം വാഹനങ്ങൾ മറ്റു വാഹനങ്ങളുടെ നീക്കവും തടസ്സപ്പെടുത്തുന്നു.
തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ കൂടി എത്തുന്നതോടെ മണിക്കൂറുകളോളം ഗതാഗതം മന്ദഗതിയിലാകുന്ന സ്ഥിതിയാണ്. ജങ്ഷനിലെ അനധികൃതവും അശാസ്ത്രീയവുമായ വാഹന പാർക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമാണ്. കോലഞ്ചേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ജങ്ഷനിലേക്കെത്തുമ്പോൾ റോഡ് തകർന്നുകിടക്കുന്നതുമൂലം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
നിലവിൽ മൂവാറ്റുപുഴ- എറണാകുളം റോഡിൽ ഡിവൈഡറുള്ളതാണ് ഏക ആശ്വാസമെന്ന് വ്യാപാരികൾ പറയുന്നു. ട്രാഫിക് ഐലൻഡ് സ്ഥാപിച്ചാൽ വാഹനങ്ങളുടെ നീക്കം ക്രമീകരിക്കാനും കൂട്ടിയിടികളും കുരുക്കും കുറയ്ക്കാനും സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. തിരക്കേറിയ സമയങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായി പോലീസിനെ നിയോഗിച്ച് പാർക്കിങ് നിയന്ത്രണം കർശനമാക്കിയാൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും.