ജൽജീവൻ പൈപ്പ് ചാർജ് ചെയ്തപ്പോൾ ചോർച്ച; മരോട്ടിച്ചുവട് റോഡ് തകർന്നു

കരുമാല്ലൂർ : ജൽജീവൻ പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ വെള്ളം വിതരണംചെയ്തപ്പോൾ ചോർച്ച. കരുമാല്ലൂരിൽ രണ്ടുമാസംമുൻപ് നിർമിച്ച റോഡ് തകർന്നു. ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലവും പാഴായി.
കരുമാല്ലൂർ പഞ്ചായത്തിൽ മരോട്ടിച്ചുവട് റോഡിലാണ് ചൊവ്വാഴ്ച രാവിലെ വലിയതോതിൽ വെള്ളംചോർച്ചയുണ്ടായത്. കരുമാല്ലൂർ പഞ്ചായത്തിലെ ശോച്യാവസ്ഥയിലായിട്ടുള്ള ജലവിതരണശൃംഖല നവീകരിക്കുന്നതിനായി ജൽജീവൻ പദ്ധതി നടപ്പാക്കുകയാണ്. പൈപ്പുകൾ ഭൂരിഭാഗം പ്രദേശങ്ങളിലും സ്ഥാപിച്ചുകഴിഞ്ഞു. ഇനി തർക്കംനിലനിൽക്കുന്ന ഒന്നുരണ്ടിടങ്ങളിൽ മാത്രമാണ് പൈപ്പുകളിടാനുള്ളത്. അത് വേഗത്തിൽതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞദിവസം ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. അതിനിടെയാണ് നേരത്തേ സ്ഥാപിച്ച പൈപ്പുകളിലൂടെ വെള്ളം കടത്തിവിട്ടുനോക്കുന്നത്.
മരോട്ടിച്ചുവട് റോഡിനടിയിലൂടെയുള്ള പൈപ്പിലൂടെ വെള്ളം വിട്ടപ്പോൾതന്നെ വലിയ ചോർച്ചയാണുണ്ടായത്. വെള്ളത്തിന്റെ മർദംകൊണ്ട് റോഡിന്റെ മധ്യഭാഗം തകർന്നുപോയി. ഇപ്പോൾ റോഡ് ചതുപ്പുപോലെ താഴ്ന്നുപോകുകയാണ്. വിതരണംചെയ്ത ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം റോഡിലും കാനയിലുമായി ഒഴുകി. നാട്ടുകാർ വിവരമറിയിച്ചതിനേത്തുടർന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി വാൽവ് അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചു. വെള്ളം വിടുന്നതിനുമുൻപ് ഈ റോഡിലേക്ക് ജൽജീവൻ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് സ്റ്റോപ്പർ ഇട്ട് ഉറപ്പിക്കണമായിരുന്നു. പക്ഷേ, ഇവിടെ പൈപ്പിനുള്ള കാലിച്ചാക്ക് കുത്തിത്തിരുകിവെച്ചിരിക്കുകയായിരുന്നു. ജൽജീവൻ കരാറുകാരൻ കാണിച്ച അനാസ്ഥയാണ് ഈ റോഡ് തകരാൻ കാരണമായത്. രണ്ടുമാസം മുൻപാണ് മരോട്ടിച്ചുവട്-തൈത്തറക്കടവ് റോഡ് പുനർനിർമിച്ചത്.
ഒരുവർഷത്തിലധികമായി തകർന്ന് ശോച്യാവസ്ഥയിലായിരുന്നു ഈ റോഡ്. നാട്ടുകാരുടെ പ്രതിഷേധത്തേത്തുടർന്നാണ് ഇപ്പോൾ നവീകരിച്ചത്. പൈപ്പ് പൊട്ടി അത് തകർന്നുതരിപ്പണമായത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ആലുവ-പറവൂർ പ്രധാന റോഡിലൂടെയും ജൽജീവൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെയും ഇതുവരെ വെള്ളം വിട്ട് പരീക്ഷിച്ചിട്ടില്ല. റോഡിന്റെ നവീകരണം നടന്നുവരുകയുമാണ്. നവീകരണം പൂർത്തിയായശേഷം പൈപ്പ് ചാർജ് ചെയ്താൽ ഇതുപോലെ പ്രധാന റോഡിലും വെള്ളം ചോർന്നൊഴുകാനിടയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.