അങ്കമാലിയിലെ ഗതാഗത പരിഷ്‌കാരം പാളി

എതിർപ്പിനെ തുടർന്ന് പിൻവലിച്ചു
അങ്കമാലി : നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി അങ്കമാലി നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു.
വ്യാഴാഴ്ച മുതൽ മൂന്നുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്‌കാരം നടപ്പാക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് വിവിധ ഇടങ്ങളിൽ സൂചനാബോർഡുകൾ സ്ഥാപിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ ഗതാഗത പരിഷ്‌കാരം തുടങ്ങുകയും ചെയ്തു.
എന്നാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പരിഷ്‌കാരം കൂടുതൽ കുരുക്കായി മാറി. അങ്കമാലി പട്ടണമാകെ ഗതാഗതക്കരുക്കിനാൽ വീർപ്പുമുട്ടി. പരിഷ്‌കാരം പാളിയെന്ന് കണ്ടതോടെ ഉച്ചയ്ക്കുശേഷം പിൻവലിച്ചു. ചാലക്കുടി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അങ്ങാടിക്കടവ് ജങ്ഷനിൽ നിന്ന് തിരിഞ്ഞ് ക്യാമ്പ് ഷെഡ് റോഡിലൂടെ എൽ.എഫ്. ജങ്ഷനിലെത്തിയശേഷം വലത്തോട്ട് തിരിഞ്ഞ് ജങ്ഷനിലെത്തി വീണ്ടും ഇടത്തോട്ട് തിരിഞ്ഞുപോകണമെന്ന പരിഷ്‌കാരമാണ് മൊത്തം പാളിയത്.
വാഹനങ്ങൾ കൂട്ടമായി എത്തിയതോടെ ക്യാമ്പ് ഷെഡ് റോഡാകെ കുരുങ്ങി. കരയാംപറമ്പ്-അങ്കമാലി റോഡും വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. ഗതാഗത പരിഷ്‌കാരം പരിഹാസ്യമായ നടപടിയായിപ്പോയെന്ന് മുൻമന്ത്രി ജോസ് തെറ്റയിൽ അഭിപ്രായപ്പെട്ടു. അശാസ്ത്രീയവും അപ്രായോഗ്യവുമായ നടപടി ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി.
വിദഗ്ധരുമായി കൂടിയാലോചിക്കാതെയും അങ്കമാലിയുടെ ഭൂമിശാസ്ത്രമറിയാതെയും എടുത്ത തീരുമാനം ശുദ്ധമണ്ടത്തരമായിപ്പോയെന്നും ജോസ് തെറ്റയിൽ പറഞ്ഞു. കൃത്യമായ പഠനത്തിലൂടെ മാത്രമേ ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ശ്രമിക്കാവൂവെന്നും അങ്കമാലിയുടെ ഗതാഗതം സുഗമമാക്കാൻ ബൈപ്പാസ് മാത്രമാണ് ശാശ്വത പോംവഴിയെന്നും ഇക്കാര്യത്തിൽ സർക്കാർ എത്രയുംവേഗം തുടർ നടപടികൾ സ്വീകരിക്കണമെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ് പറഞ്ഞു.