സ്നേഹസന്ദേശവുമായി ശ്രീകൃഷ്ണജയന്തി ആഘോഷം

ചെറായി : സ്നേഹധർമത്തിന്റെ സന്ദേശവുമായി നാടെങ്ങും ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിച്ചു. പുഞ്ചിരിതൂകുന്ന ഉണ്ണിക്കണ്ണൻമാരും രാധികമാരുംഅണിനിരന്ന ശോഭായാത്ര, ഉറിയടി, ഉണ്ണിയൂട്ട്, നൃത്താവിഷ്കാരം, പ്രസാദവിതരണം എന്നിവ നടന്നു.
മുനമ്പം ശ്രീകൃഷ്ണ ബാലഗോകുലത്തിൻെ നേതൃത്വത്തിൽ ശ്രീകൃഷ്ണ മഹാക്ഷേത്രത്തിൽനിന്ന് ആരംഭിച്ച മഹാ ശോഭായാത്ര മുനമ്പം അരയ മഹാസഭാ പ്രസിഡന്റ് ടി.എ. രത്നാകരൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എടവനക്കാട് കൂട്ടുങ്ങൽച്ചിറ അംബികാ ഭഗവതീക്ഷേത്രത്തിൽ നിന്നാരംഭിച്ച മഹാ ശോഭായാത്ര അണിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടി, നൃത്തനൃത്യങ്ങൾ എന്നിവ നടന്നു.
അണിയിൽ കടപ്പുറം ഭുവനേശ്വരീ ക്ഷേത്രത്തിൽനിന്ന് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മഹാ
ശോഭായാത്ര അണിയ’ൽ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ സമാപിച്ചു.
ബാലഗോകുലം കുഴുപ്പിള്ളി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പള്ളത്താംകുളങ്ങര ബാലകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉണ്ണി ഊട്ട് നടത്തി. നിരവധി കുട്ടികൾ പങ്കെടുത്തു.
വൈകീട്ട് നടന്ന മഹാ ശോഭായാത്രയിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉണ്ണിക്കണ്ണന്മാരും രാധികമാരും മറ്റു നിശ്ചലദൃശ്യങ്ങളും അണിനിരന്നു. പി.ആർ. രമേശൻ, രാജു വട്ടത്തറ, മനോരാജ്, കെ.പി. ബിനീഷ്, രതീഷ് കട്ടത്തറ എന്നിവർ നേതൃത്വം നൽകി.
വൈപ്പിൻ: ബാലഗോകുലങ്ങളുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നാടുനീളെ സംഘടിപ്പിക്കപ്പെട്ട ശോഭായാത്രകളിൽ രാധാ-കൃഷ്ണ വേഷധാരികൾ നിരത്തുകൾ കീഴടക്കി.
ഞാറയ്ക്കൽ സുദർശനം ശോഭായാത്രാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശോഭായാത്ര ഞാറയ്ക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്നും ആരംഭിച്ച് പെരുമ്പിള്ളി ബാലഭദ്ര ക്ഷേത്രത്തിൽ സമാപിച്ചു.
പുതുവൈപ്പ് ശ്രീഹരി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പുതുവൈപ്പ് പള്ളത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര പുതുവൈപ്പ് ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സമാപിച്ചു.
ഗിരീഷ് വലിയപുരയ്ക്കൽ, ദിൽദേവ് ബാബു, നിഷാന്ത് സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഹിന്ദുസമാജം കാളമുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശോഭായാത്ര നടത്തി. വൈപ്പിൻ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിൽ സമാപിച്ചു. ഭാരവാഹികളായ വിജു അഴീക്കൽ, ടി.ബി. രാജീവ്, ടി.ആർ. കൈലാസ്, ടി.എസ്. രാധാകൃഷ്ണൻ,
ബിജു പി.എസ്., വിജേഷ് പി.ബി. എന്നിവർ നേതൃത്വം നൽകി.
കരുമാല്ലൂർ : ജന്മാഷ്ടമി ആഘോഷമാക്കി നാട്. ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തംവെച്ച ശോഭായാത്രകൾ കാണികളുടെ മനംനിറച്ചു. കരുമാല്ലൂർ മനയ്ക്കപ്പടി ബാലഗോകുലത്തിന്റെ ശോഭായാത്ര മനയ്ക്കപ്പടി വേഴപ്പറമ്പ് മനയിൽനിന്നുമാണ് ആരംഭിച്ചത്.
പുതുക്കാട് ബാലഗോകുലം കൈപ്പെട്ടി ക്ഷേത്രനടയിൽനിന്നും ശോഭായാത്രയായെത്തി.
തട്ടാംപടി കവലയിൽ സംഗമിച്ച് ഗോപികാനൃത്തവും ഉറിയടിയും നടത്തി.
വെളിയത്തുനാട് ശ്രീകൃഷ്ണ ബാലഗോകുലം വെളിയത്തുനാട് മേഖലയിൽ ശോഭായാത്ര നടത്തി. കൊടുവഴങ്ങ ചെമ്പോരെ താമ്രപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ആലങ്ങാട് കോട്ടപ്പുറത്തുമെല്ലാം ശോഭായാത്ര സംഘടിപ്പിച്ചു.