പിറവം എക്സൈസ് കടവ് പാലം: മണ്ണ് പരിശോധന തുടങ്ങി

പിറവം : എക്‌സൈസ് കടവ് പാലത്തിന് മണ്ണ് പരിശോധന തുടങ്ങി. നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായി രണ്ട് പതിറ്റാണ്ട് മുൻപ് നിർദേശിക്കപ്പെട്ടതാണ് എക്‌സൈസ് കടവ് പാലം.

പുഴയിലെയും കരയിലെയും മണ്ണിന്റെ ഘടനയും ഉറപ്പും അറിയുന്നതിന്റെ ഭാഗമായാണ് പരിശോധന. യന്ത്ര സഹായത്തോടെ എക്സൈസ് കടവിൽ കുഴിച്ചാണ് പരിശോധന നടത്തുന്നത്. മറുകരയിലും പരിശോധന തുടരും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന് അനുയോജ്യമായ അടിത്തറ ഏതാണെന്നു തീരുമാനിക്കുന്നത്. അതിന് ശേഷം പാലത്തിന്റെ രൂപരേഖ തയ്യാറാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് കൊച്ചിയിലേക്കുള്ള കവാടമായ പിറവം ടൗണിലെ ഗതാഗത കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിനാണ് എക്സൈസ് കടവിൽ പാലം നിർമിക്കുന്നത്.

എന്നാൽ, ഇത് രണ്ടാംവട്ടമാണ് പാലത്തിനായി പിറവത്ത് മണ്ണ് പരിശോധിക്കുന്നത്. നേരത്തേ 2014-ൽ 27 ലക്ഷം രൂപ അനുവദിച്ച് പുഴയിലെയും കരയിലെയും മണ്ണുപരിശോധിക്കുകയും പാലത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. 2016-ൽ ബജറ്റിൽ പാലത്തിന് 40 കോടി രൂപയും വകയിരുത്തി. എന്നാൽ പിന്നീട് സർക്കാർ അതുമായി മുന്നോട്ടുപോയില്ല. മണ്ണ് പരിശോധന പൂർത്തിയാക്കി മറ്റു നടപടികളിലേക്ക് വൈകാതെ കടക്കുമെന്ന് മന്ത്രി അറിയിച്ചു. പിറവത്തെ നിലവിലുള്ള പാലത്തിന് ആറര പതിറ്റാണ്ട് പഴക്കമുണ്ട്. പിറവം വഴി കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ ടൗണിലെത്തി ഈ പാലം വഴിയാണ് കടന്നുപോകുന്നത്. നടക്കാവ് റോഡും ആമ്പല്ലൂർ ഹൈവേയും പിറവത്ത് സന്ധിച്ചതോടെ ദീർഘദൂര ബസ് സർവീസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഓരോ മിനിറ്റിലും ടൗണിലേക്ക് പ്രവേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് പിറവത്തിന്റെ വികസനത്തിന് സമാന്തര പാലം കൂടിയേ കഴിയൂ എന്ന നില വന്നത്.