നടുവൊടിച്ച് ഗ്രാമീണ റോഡുകൾ

പെരുമ്പാവൂർ : പഞ്ചായത്ത് പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകൾ തകർച്ചയിലായി. കൂവപ്പടി പഞ്ചായത്തിൽ തോട്ടുവ ജങ്ഷനിൽനിന്ന് ധന്വന്തരി ക്ഷേത്രം വരെയുള്ള ഒന്നരക്കിലോമീറ്റർ ദൂരം വർഷങ്ങളായി ടാർ ചെയ്തിട്ടില്ല. മണ്ഡലക്കാലത്ത് ധന്വന്തരി ക്ഷേത്രത്തിലേക്ക് നൂറുകണക്കിന് തീർഥാടകരെത്തുന്ന വഴിയാണ്.
മഴക്കാലത്തുണ്ടായ കുഴികളിൽ ടാറിങ് ഇളകി പ്രദേശമാകെ പൊടിപറക്കുകയാണ്. മഴവെള്ളം ഒഴുകുന്നതിന് കാനയില്ലാത്തതാണ് വലിയ പ്രശ്നം. ആർട്ട് ഓഫ് ലിവിങ് ആശ്രമം, ചേരാനല്ലൂർ സെയ്ന്റ് സേവ്യേഴ്സ് പള്ളി, ചേരാനല്ലൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കും നൂറുകണക്കിനാളുകൾ ഇതുവഴിയെത്തുന്നു. നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവം, ചേരാനല്ലൂർ പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾ നടക്കാനിരിക്കെ എത്രയും വേഗം റോഡിലെ കുഴികളെങ്കിലും അടയ്ക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
ചെറുവേലിക്കുന്നിൽ കലുങ്ക് തകർച്ചയിൽ
പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ മുടിക്കൽ-ചെറുവേലിക്കുന്ന് റോഡിലെ തകർച്ചയിലായ കലുങ്ക് ഭീഷണിയായി. നിരവധി തടിമില്ലുകൾ, പ്ലൈവുഡ് ഫാക്ടറികൾ, ക്രഷർ, ഹോളോബ്രിക്സ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് ഭാരവാഹനങ്ങൾ പോകുന്ന വഴിയാണിത്. സ്കൂൾ ബസുകളും നിരവധിയാണ്. മാസങ്ങൾക്കു മുൻപ് വാഹനം ഇടിച്ചാണ് കലുങ്ക് തകർച്ചയിലായത്.
ചുണ്ടക്കുഴി-മീമ്പാറ റോഡിൽ ചെളിക്കുഴികൾ
കുറുപ്പംപടി : മുടക്കുഴ-വേങ്ങൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുണ്ടക്കുഴി-മീമ്പാറ റോഡിലും കുഴികൾ യാത്രാ ദുരിതമുണ്ടാക്കുന്നു. രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ നടന്നിട്ട് 10 കൊല്ലത്തോളമായി.
ചുണ്ടക്കുഴിയിൽ പഴയ പോസ്റ്റ് ഓഫീസ് ജങ്ഷൻ മുതൽ വാണിയപ്പിള്ളി ഗവ. എൽ.പി. സ്കൂൾ വരെയുള്ളതാണ് റോഡ്.
നിരവധി സ്കൂൾ ബസുകൾ ഉൾപ്പെടെ ഇതുവഴി പോകുന്നുണ്ട്. പരാതികൾ നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. മഴക്കാലത്ത് ചെളിയും വേനൽക്കാലത്ത് പൊടിയും രൂക്ഷമാണ്.