സമുദ്ര സുരക്ഷ: മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ച് നാവികസേന

തോപ്പുംപടി : രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്ക് മത്സ്യത്തൊഴിലാളി സമൂഹം വഹിക്കുന്ന പങ്ക് വിശദീകരിച്ച് ഇന്ത്യൻ നാവികസേന. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 'സീ വിജിൽ' എന്ന പ്രതിരോധ പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചി ഫിഷിങ് ഹാർബറിൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് നാവിക ഉദ്യോഗസ്ഥർ, രാജ്യസുരക്ഷയിൽ മത്സ്യത്തൊഴിലാളികൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിശദീകരിച്ചത്.
സുരക്ഷാ ഏജൻസികളുടെ 'കണ്ണും കാതും' ആയി പ്രവർത്തിക്കുന്ന ഇവർ, കൂട്ടായ ജാഗ്രതയുടെയും ഉത്തരവാദിത്വത്തിന്റെയും ഒരു സംസ്കാരം വളർത്തിയെടുക്കാൻ സഹായിക്കുന്നതായി നാവിക ഉദ്യോഗസ്ഥർ പറഞ്ഞു. തീരദേശ സുരക്ഷ എന്നത് സമുദ്ര സുരക്ഷാ ഏജൻസികളും തീരദേശ സമൂഹവും തമ്മിൽ സഹകരണത്തോടെ നടപ്പാക്കേണ്ട ഉത്തരവാദിത്വമാണ്.
തീരദേശ ജലാശയങ്ങളിൽ സംശയാസ്പദമായ പ്രവർത്തനങ്ങളോ അസാധാരണമായ നീക്കങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.
സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, മറ്റ് സമുദ്ര മേഖലയുമായി ബന്ധപ്പെട്ടവർ എന്നിവർക്കെല്ലാം ഉത്തരവാദിത്വമുണ്ട്. ജാഗ്രത പാലിക്കുന്നതോടൊപ്പം, നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങൾ കൃത്യമായി പിന്തുടരണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു. കൊച്ചി ഹാർബറിലെ മത്സ്യത്തൊഴിലാളികളുമായി ഉദ്യോഗസ്ഥർ സംസാരിച്ചു. അവർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകി. ബോധവത്കരണ പരിപാടിക്ക് നേവൽ ഓഫീസർ ഇൻ-ചാർജ് കൊമഡോർ വർഗീസ് മാത്യു നേതൃത്വം നൽകി.