പെരിയാറിൽ മണൽ വാരിയ നാലുവഞ്ചികൾ പിടികൂടി

18 ആളുകളുടെ പേരിൽകേസ്

ആലുവ : അനധികൃത മണൽ വാരൽ വ്യാപകമായതോടെ നടപടിയുമായി പോലീസ്. എൻജിൻ ഘടിപ്പിച്ച നാല് വള്ളങ്ങളും ഒരു ടിപ്പർ ലോറിയും പിടികൂടി. മണൽ കടത്തുസംഘത്തിലെ കണ്ടാലറിയുന്ന 18 ആളുകളുടെ പേരിൽ ആലുവ പോലീസ് കേസെടുത്തു. ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ഭാഗത്ത് നിന്നുള്ള കടവുകളിൽ നിന്നാണ് മണൽ വഞ്ചികൾ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത വള്ളങ്ങൾ മണപ്പുറത്ത് എത്തിച്ച് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു.

ആലുവ മണപ്പുറം ഭാഗത്ത് രാത്രികാലങ്ങളിൽ വ്യാപകമായി മണൽവാരൽ നടക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പോലീസ് പരിശോധന.

മണൽ വാരൽ വ്യാപകമെന്ന് നാട്ടുകാർ

പെരിയാറിൽ മണൽവാരലിന് നിരോധനമുണ്ടെങ്കിലും വർഷങ്ങളായി വിവിധ ഭാഗങ്ങളിൽ അനധികൃത മണൽവാരൽ വ്യാപകമായി നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതിനെതിരേ നാട്ടുകാരും വിവിധ സംഘടനകളും നിരന്തരം പ്രതിഷേധങ്ങളും പരാതികളും ഉയർത്തിയിട്ടും ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

അതേസമയം, മണൽവാരൽ തടയാൻ ഉദ്യോഗസ്ഥർ പരിശോധനയ്ക്കിറങ്ങുമ്പോൾ തന്നെ മണൽവാരൽ സംഘങ്ങൾക്ക് വിവരം ചോർത്തി നൽകാൻ ഉദ്യോഗസ്ഥരിൽ ചിലർ കൂട്ടുനിൽക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. ഈ ആരോപണങ്ങളിൽ അന്വേഷണം നടത്തി അനധികൃത മണൽവാരലിന് പിന്നിലുള്ള മുഴുവൻ സംഘങ്ങളെയും കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആലുവ ഗോൾഡിന് പൊന്നുംവില

പെരിയാറിലെ മണൽ ആലുവ ഗോൾഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കാണ് ഇവിടെ നിന്ന് മണൽ കൊണ്ടുപോകുന്നത്.

ഒരു മിനി ലോറി മണലിന് 35,000 രൂപ മുതലാണ് വില. ദൂരം കൂടുന്തോറും വിലയും കൂടും. രാത്രികാലങ്ങളിൽ വാരിയെടുക്കുന്ന മണൽ രാത്രി തന്നെ ഏതെങ്കിലും കടവുകളിൽ ഒളിപ്പിക്കും. പിറ്റേന്ന് രാത്രിയായിരിക്കും ലോറികളിൽ കയറ്റി അയക്കുക. ഇതരസംസ്ഥാന തൊഴിലാളികളെ കൂലിക്ക് നിർത്തിയാണ് മണൽ വാരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആലുവ സി.ഐ. പി.എം. ഷെമീർ പറഞ്ഞു.