‘ചികിത്സ’കാത്ത് കൂത്താട്ടുകുളം ഗവ. ആശുപത്രി

ഡോക്ടർമാരുടെ എണ്ണത്തിലും കുറവ്
കൂത്താട്ടുകുളം : ഗവ. ആശുപത്രിയിലെ ഡോക്ടറെ മാറ്റിയതും ദന്തരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടറുടെ കാലാവധി പുതുക്കിനിശ്ചയിച്ച് നിയമിക്കാത്തതും രോഗികളെ വലയ്ക്കുന്നു. എൻ.എച്ച്.എം. പ്രകാരം നിയമിച്ച ഡോക്ടറെയാണ് കഴിഞ്ഞ ദിവസം മണീട് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നിലവിൽ മൂന്ന് ഡോക്ടർമാരുടെ സേവനമാണ് പകൽസമയത്ത് ലഭിക്കുന്നത്. ദിവസേന 200-ലധികം രോഗികൾ ഒ.പി. വിഭാഗത്തിലെത്തുന്നുണ്ട്. ഡോക്ടർമാർ കുറഞ്ഞതോടെ രോഗികളുടെ കാത്തിരിപ്പും ബുദ്ധിമുട്ടും കൂടി.
നഗരസഭ നിയമിച്ച രണ്ട് ഡോക്ടർമാരുടെ സേവനം വൈകീട്ട് ലഭിക്കുന്നുണ്ട്. ജില്ലാ ആരോഗ്യവിഭാഗം നിയമിച്ചിരുന്ന ദന്തരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടറുടെ കരാർ കാലാവധി കഴിഞ്ഞതോടെ ഈ വിഭാഗത്തിലും ഡോക്ടറില്ല. കരാർ പുതുക്കി പുതിയ ഡോക്ടറെ നിയമിക്കുന്നതിനും നടപടിയായിട്ടില്ല. കിടപ്പുരോഗികളുടെ എണ്ണം അഞ്ചിൽ താഴെയാണ്. കിടത്തിച്ചികിത്സ ആവശ്യമുള്ളവർ മറ്റ് ആശുപത്രികളിലേക്ക് മാറുകയാണ്.
കിടത്തിച്ചികിത്സ നടത്തിയിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ചുമാറ്റിയിട്ട് മാസങ്ങൾ പിന്നിട്ടു. പുതിയ കെട്ടിടം പണിയുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചിട്ടില്ല. പഴയ കെട്ടിടങ്ങളിലൊന്നുകൂടി പൊളിച്ചുനീക്കാനുണ്ട്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനുവേണ്ടി നിർമിച്ച കെട്ടിടം പൂർത്തിയായെങ്കിലും പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ല. ഐസൊലേഷൻ വാർഡ് ഉപയോഗയോഗ്യമല്ല.
പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഐ.പി. വിഭാഗത്തിൽ 20 പേരെ മാത്രം കിടത്തിച്ചികിത്സിക്കുന്നതിനുള്ള സൗകര്യമേയുള്ളൂ.
പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള സൗകര്യമുണ്ടെങ്കിലും ഇതിനുവേണ്ടി ഡോക്ടറെയും ജീവനക്കാരെയും നിയമിക്കണം. എം.സി. റോഡിനോട് ചേർന്നുള്ള ഗവ. ആശുപത്രി നിലവിൽ സാമൂഹിക ആരോഗ്യകേന്ദ്രം (സി.എച്ച്.സി.) ആയിട്ടാണ് പ്രവർത്തിക്കുന്നത്. നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രി താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തണമെന്നും കൂടുതൽ ഡോക്ടമാരെ നിയമിച്ച് ആധുനികനിലവാരത്തിലുള്ള അടിയന്തര ചികിത്സാസൗകര്യം ലഭ്യമാക്കുന്നതിന് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടൽ ഉണ്ടാകണമെന്നുമാണ് പ്രധാന ആവശ്യം.