വഴിവിളക്കുകൾ കത്തുന്നില്ല, ചെറിയപ്പിള്ളി പാലം കൂരിരുട്ടിൽ

കോട്ടുവള്ളി : നിത്യേന ആയിക്കണക്കിനു വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന ദേശീയപാത 66-ലെ ചെറിയപ്പിള്ളി പാലം കൂരിരുട്ടിൽ. മാസങ്ങളായി വഴിവിളക്കുകൾ തെളിയാതെ കിടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ല.
വഴിവിളക്കില്ലാത്തതിനാൽ രാത്രികാലത്ത് പാലത്തിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡിന് ഇരുവശത്തുമുള്ള വഴിവിളക്കുകൾ കത്തുന്നുണ്ടെങ്കിലും പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ ഒന്നുപോലും കത്തുന്നില്ല. അപ്രോച്ച് റോഡിൽനിന്നും പാലത്തിലേക്ക് കയറിവരുന്ന വാഹനങ്ങളുടെ അമിത പ്രകാശത്തിൽ എതിരേനിന്നും വരുന്ന വാഹനമോടിക്കുന്നവർക്ക് യാതൊന്നും കാണാനാകാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം വാഹനങ്ങൾ നിയന്ത്രണം തെറ്റി മറ്റുവാഹനങ്ങളിൽ ഇടിക്കുന്ന സംഭവവും ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞ ദിവസവും ഇരുവശത്തുനിന്നും വന്ന രണ്ടു ബൈക്കുകൾ കൂടിയിടിച്ച് ഇവിടെ അപകടം നടന്നിരുന്നു. പാലത്തിന് ഇരുവശത്തും കാടുകൾ വളർന്നുനിൽക്കുന്നതിനാൽ ഇതിലൂടെയുള്ള കാൽനടയാത്രയും ബുദ്ധിമുട്ടാണ്. ഫുട്പാത്ത് ഇല്ലാത്ത പാലത്തിൽ വെളിച്ചംകൂടി ഇല്ലാതായതോടെ അപകടങ്ങളും പതിവായിരിക്കുകയാണ്. കോട്ടുവള്ളി പഞ്ചായത്താണ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്.