കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായി; 'ഗോശ്രീ'യിൽ നീണ്ട കുരുക്ക്

വൈപ്പിൻ : ഗോശ്രീ ഒന്നാം പാലത്തിൽ കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായി ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് എറണാകുളം ബോൾഗാട്ടി പാലത്തിൽ ബസ് നിലച്ചത്. തിരക്കേറിയ സമയമായതിനാൽ വാഹനങ്ങളുടെ നീണ്ടനിരയാണുണ്ടായത്.
ഹൈക്കോടതി ജങ്ഷനപ്പുറത്തേക്ക് വാഹനങ്ങളുടെ നിര നീണ്ടു. കണ്ടെയ്‌നർ റോഡിൽ നിന്നും വൈപ്പിനിൽ നിന്നും എത്തിയ വാഹനങ്ങളും കുരുക്കിൽപ്പെട്ടു. ഇതിനിടെ കടന്നു വന്ന ആംബുലൻസിന് പോകാൻ പോലീസ് വഴിയൊരുക്കി.
തിരക്ക് നിയന്ത്രിക്കാൻ ഒന്നാം പാലത്തിന് സമാന്തരമായി പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ബജറ്റിൽ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രാരംഭ ചർച്ചകൾ തുടങ്ങിയെങ്കിലും നടപടികൾ പൂർത്തിയാക്കി തുക കണ്ടെത്തി എന്ന് പാലം യാഥാർഥ്യമാകുമെന്ന ആശങ്കയുണ്ട്.