കോട്ടപ്പടിയിൽ ആനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ

കോതമംഗലം : കോട്ടപ്പടിക്ക് സമീപം വടക്കുംഭാഗത്ത് വനമേഖലയ്ക്ക് സമീപത്തെ റബർതോട്ടത്തിൽ വൈദ്യുതാഘാതമേറ്റ് ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനക്കൂട്ടം റബർമരം തള്ളി മറിച്ചിട്ടപ്പോൾ റബർതോട്ടത്തിലൂടെ കടന്നുപോകുന്ന ലൈനിൽ പതിച്ച് ലൈൻ പൊട്ടിവീണതിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് കുട്ടിക്കൊമ്പൻ ചരിഞ്ഞതെന്നാണ് നിഗമനം. ചൊവ്വാഴ്ച രാത്രി 11-ഓടെ ഉണ്ടായ സംഭവം അറിഞ്ഞത് ബുധനാഴ്ച രാവിലെ 7.30-നാണ്. വടക്കുംഭാഗം കവലയിൽനിന്ന്് ഒരു കിലോമീറ്റർ മാറി കോട്ടപ്പാറ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ പുതുക്കുന്നത്ത്് ജോൺ പി. പോളിന്റെ ഉടമസ്ഥതയിലുള്ള നാലര ഏക്കറോളം വരുന്ന റബർതോട്ടത്തിലാണ് ആനക്കുട്ടിയുടെ ജഡം കിടക്കുന്നത്. ആനക്കുട്ടിക്ക് ഒന്നര വയസ്സോളം ഉണ്ടാകും. രാത്രി കാട്ടാനക്കൂട്ടത്തിന്റെ ബഹളം കേട്ടിരുന്നു. സമീപത്തുള്ള വീട്ടുകാർ രാവിലെ പരിശോധിച്ചപ്പോഴാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. രണ്ട് റബർമരങ്ങൾ മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
പൊട്ടിവീണ വൈദ്യുതിലൈൻ കുട്ടിക്കൊമ്പൻ തുമ്പിക്കൈ കൊണ്ട് പിടിച്ചനിലയിലാണ് ജഡം കിടക്കുന്നത്. റബർതോട്ടത്തിൽ വെള്ളം ഒഴുകിപ്പോകാനായി കാന കീറിയതിന് സമീപത്താണ് ആനക്കുട്ടിയുടെ ജഡം ഉണ്ടായിരുന്നത്. കാനയിലെ വെള്ളത്തിൽനിന്നതുകൊണ്ട് ശക്തമായ വൈദ്യുതാഘാതമേറ്റതായാണ് വനം അധികൃതരുടെ നിഗമനം. തുമ്പിക്കൈയിൽ കരിഞ്ഞ മുറിപ്പാടുണ്ട്. കൂടെയുണ്ടായിരുന്ന തള്ളയാന ഉൾപ്പെടെയുള്ള ആനക്കൂട്ടം ഏറെ നേരം ചിന്നംവിളിച്ച് സ്ഥലത്ത് തമ്പടിച്ച ശേഷമാണ് വനത്തിലേക്ക് മടങ്ങിയത്. ആന ശല്യം കാരണം ജോണും കുടുംബവും വീടും കൃഷിയിടവും ഉപേക്ഷിച്ച് വടാശ്ശേരി ഭാഗത്തേക്ക് താമസം മാറ്റിയിരുന്നു. ആനക്കുട്ടി ചരിഞ്ഞതിൽ അസ്വാഭാവികമായിട്ടൊന്നും കണ്ടെത്താനായിട്ടില്ലെന്ന്് കോടനാട് റെയ്ഞ്ച്് ഓഫീസർ പറഞ്ഞു.
ആനക്കുട്ടിയുടെ ജഡം വാമാസ് (ഡബ്ല്യു.എ.എം.എ.എസ്.) മാനദണ്ഡപ്രകാരമുള്ള എട്ടംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വനത്തിൽ സംസ്‌കരിക്കും.