പാടത്തേക്ക് മദ്യക്കുപ്പികളെറിയുന്നത് പതിവ്; ബോട്ടിൽബൂത്ത് സ്ഥാപിച്ച് ഗ്രാമപ്പഞ്ചായത്ത്

കാഞ്ഞിരമറ്റം : തോട്ടറപ്പുഞ്ചയിലെ വിരിപ്പച്ചാൽ പാടശേഖരത്തിലേക്ക് മദ്യപിച്ചശേഷം ചില്ലുകുപ്പികളെറിയുന്നതുമൂലം പാടശേഖരത്തിൽ ജോലിചെയ്യുന്നവർക്ക് പരിക്കേൽക്കുന്നത് പതിവായതോടെ ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്ത് പാടശേഖരത്തിനരികിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
സമൂഹവിരുദ്ധർ പാടത്തേക്കെറിയുന്ന ചില്ലുകുപ്പികൾ പൊട്ടി കർഷകർക്ക് മുറിവേൽക്കുന്നത് സംബന്ധിച്ച് മാതൃഭൂമി ബുധനാഴ്ച വാർത്ത നൽകിയിരുന്നു. പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ, വിരിപ്പച്ചാൽ പാടശേഖരത്തെ സംരക്ഷിക്കാൻ നാടൊരുമിക്കുകയായിരുന്നു. പാടശേഖരത്തിന്റെ മോട്ടോർ ഷെഡ്ഡിന്റെ കവാടത്തിലാണ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപ്പഞ്ചായത്തംഗം ഹമീദ് കുട്ടിയാണ് ബോട്ടിൽ ബൂത്തൊരുക്കാൻ നേതൃത്വം നൽകിയത്. പാടശേഖരസമിതി ഭാരവാഹികൾ പ്രസിഡന്റ് അശോക്കുമാർ കൊല്ലംതടത്തിലിന്റെ നേതൃത്വത്തിൽ ബൂത്ത് സ്ഥാപിക്കുകയും ചെയ്തു.ഇനിയെങ്കിലും ചില്ലുകുപ്പികളും പ്ലാസ്റ്റിക്കും പാടത്തേക്ക് വലിച്ചെറിയരുതെന്ന് കർഷകർ അഭ്യർഥിക്കുന്നു. പാടത്തേക്ക് കുപ്പി എറിയുന്നവരെ കണ്ടാൽ അവരെ നിരുത്സാഹപ്പെടുത്തി അതു ബൂത്തിൽ ഇടുവാൻ സഹായിക്കണമെന്ന് കർഷകർ സമീപവാസികളോട് അഭ്യർഥിക്കുന്നു.