ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനമില്ല; ടേക്ക് എ ബ്രേക്കിന് റീത്തുവെച്ച് പ്രതിഷേധം

പാമ്പാക്കുട : പാമ്പാക്കുടയിൽ നിർമിച്ച ടേക്ക് എ ബ്രേക്ക് മന്ദിരം ഉദ്ഘാടനം ചെയ്തിട്ട് ഒരു കൊല്ലം കഴിഞ്ഞെങ്കിലും യാതൊരു പ്രവർത്തനവുമില്ലാതെ മന്ദിരം അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധം. പാമ്പാക്കുടയിലെ ഐക്യമുന്നണി പ്രവർത്തകർ കെട്ടിടത്തിന് മുന്നിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. പാമ്പാക്കുടയിൽ പ്രധാന റോഡായ മൂവാറ്റുപുഴ - പിറവം റോഡിനോട് ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് പത്തുലക്ഷത്തിലേറെ രൂപ ചെലവിലാണ് ഇരുനില കെട്ടിടം നിർമിച്ചത്. യാത്രക്കാർക്ക് ഇറങ്ങി വിശ്രമിക്കുന്നതിന് സൗകര്യമൊരുക്കുന്ന വഴിയോര വിശ്രമകേന്ദ്രമെന്ന നിലയ്ക്കാണ് കെട്ടിടം പൂർത്തിയാക്കിയതെങ്കിലും ഇന്നും അത് അനാഥമായി കിടക്കുകയാണ്. പരിസരംമുഴുവനും കാടുപിടിച്ച് കിടക്കുന്ന കെട്ടിടം തെരുവുനായ്ക്കളുടെ താവളമായി മാറിയെന്നാണ് പരാതി. ഉദ്ഘാടനം ചെയ്തിട്ടും പ്രവർത്തനമാരംഭിക്കാതെകിടക്കുന്ന ടേക്ക് എ ബ്രേക്ക് അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐക്യമുന്നണിയുടെ സമരം. പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എബി എൻ. ഏലിയാസ് സമരം ഉദ്ഘാടനം ചെയ്തു. ഐക്യമുന്നണി ഭാരവാഹികളായ രാജു കോൽപ്പാറ, ഇ.വി. ഫിലിപ്പ്, രാജൻ മാരിയിൽ, സാജു ചേന്നമ്പിള്ളി, ആൻജീന കുര്യൻ, ജോയി ഓലിക്കൽ, സിനി ജോൺസൺ, ജിജി മണ്ണാത്തിക്കുളം, ബേബി മുണ്ടികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
ടേക്ക് എ ബ്രേക്ക് കെട്ടിടം വാടകയ്ക്ക് നൽകും
പാമ്പാക്കുട : പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പാമ്പാക്കുടയിൽ നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം വാടകയ്ക്ക് നൽകാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് നെവിൻ ജോർജ് അറിയിച്ചു. നേരത്തേ ഇതിനായി പലവട്ടം താത്പര്യപത്രം ക്ഷണിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. അതിനാലാണ് ടേക്ക് എ ബ്രേക്ക് തുറന്ന് പ്രവർത്തനമാരംഭിക്കാത്തതെന്നും പ്രസിഡന്റ് അറിയിച്ചു.