സുരക്ഷാ ഭീഷണി: മട്ടാഞ്ചേരി ജൂതപ്പള്ളി റോഡിൽ ഗതാഗതം നിരോധിച്ചു

മട്ടാഞ്ചേരി : സുരക്ഷാഭീഷണിയെ തുടർന്ന് മട്ടാഞ്ചേരി പരദേശി സിനഗോഗ് (ജൂതപ്പള്ളി) റോഡിലെ വാഹനഗതാഗതം പോലീസ് നിരോധിച്ചു. മട്ടാഞ്ചേരി ജെട്ടി മുതൽ എ.ബി. സലേം റോഡ് വരെയുളള റോഡിലാണ് ഗതാഗതം നിരോധിച്ചത്. രാവിലെ 10 മുതൽ വൈകീട്ട് 6 വരെയാണ് ഗതാഗത നിരോധനം.
പോലീസിന്റെ അനുമതിയില്ലാതെ വാഹനങ്ങൾ റോഡിലേക്ക് കയറ്റാൻ അനുവദിക്കില്ല. കേന്ദ്ര ഇന്റലിജൻസിന്റെയും സംസ്ഥാന
ആഭ്യന്തരവകുപ്പിന്റെയും പ്രത്യേക നിരീക്ഷണത്തിലായിരിക്കും ജൂതപ്പള്ളിയും പരിസരവും. നിയന്ത്രണങ്ങൾ എത്രകാലത്തേക്ക് എന്ന് വ്യക്തമല്ല.
വാഹന പാർക്കിങ്ങിന് ബോട്ട് ജെട്ടി, വാട്ടർ മെട്രൊ ജെട്ടി, കോടതികെട്ടിടസ്ഥലം എന്നിവിടങ്ങളാണ് പരിഗണിക്കുന്നത്. ഇതിനായി പോലീസ് ബന്ധപ്പെട്ടവരോട് അനുമതി തേടിയിട്ടുണ്ട്.
ജൂ ടൗണിലെ കടകളിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി. അനിവാര്യമായ ഘട്ടങ്ങളിൽ ഇവിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കും. ജൂതപ്പള്ളി പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുവാൻ കോർപ്പറേഷനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മട്ടാഞ്ചേരി കൊട്ടാരം വളപ്പിലും ജൂതപ്പള്ളി പരിസരത്തും ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തും. ജൂതപ്പള്ളി സുരക്ഷാ സംവിധാനങ്ങളിൽ സഞ്ചാരികൾക്കോ വ്യാപാര കേന്ദ്രങ്ങളിലെ ഇടപാടുകൾക്കോ നിയന്ത്രണ മെർപ്പെടുത്തിയിട്ടില്ലെന്ന് മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണർ കെ. അജിത്കുമാർ പറഞ്ഞു. 460 വർഷത്തിലേറെ പഴക്കമുള്ള മട്ടാഞ്ചേരി പരദേശി സിനഗോഗ് സംരക്ഷിത സ്മാരകമാണ്. വിനോദസഞ്ചാരികളായെത്തുന്ന ജൂതന്മാർ കൊച്ചി ജൂതപ്പള്ളിയിലെത്തി ശനിയാഴ്ചകളിലെ സബാത്ത് പ്രാർഥനകളിൽ പങ്കെടുക്കാറുണ്ട്. 2016 മുതൽ ജൂതപ്പള്ളി പോലീസ് നിരീക്ഷണത്തിലാണങ്കിലും പുതിയ ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കേണ്ട സാഹചര്യമാണന്ന് സുരക്ഷാ ഏജൻസികളും ചൂണ്ടിക്കാട്ടി.
ചരിത്രസ്മാരകമായ ജൂതപ്പള്ളിയിലേക്കുള്ള റോഡിൽ വാഹന ഗതാഗതം പൂർണമായും നിരോധിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഏറ്റവുമധികം സഞ്ചാരികൾ കടന്നുവരുന്ന റോഡാണിത്. ഇവിടെ ധാരാളം കച്ചവട കേന്ദ്രങ്ങളുമുണ്ട്. വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയാൽ അത് ബിസിനസിനെ ബാധിക്കുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക. ഇവിടെ സ്ഥാപനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങളും കൊണ്ടുവരാൻ ബുദ്ധിമുട്ടാകും. തൊട്ടടുത്തായി ആശുപത്രിയും വാട്ടർ മെട്രോ ബോട്ട് ജെട്ടി, ബസ് സ്റ്റാൻഡ് എന്നിവയുമുണ്ട്. ഇവിടേക്കുള്ള യാത്രയ്ക്കും ബുദ്ധിമുട്ടാകും. വാഹന ഗതാഗതം പൂർണമായും നിരോധിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.