സഭകൾ ഒന്നിക്കണം, വൻ ശക്തിയാകണം- മുഖ്യമന്ത്രി

‘സഹോദരന്മാർ ഒരുമിച്ചു ചേരണമെന്നതാണ് സ്വർഗം ആഗ്രഹിക്കുന്നത് ’
പുത്തൻകുരിശ് : തർക്കങ്ങൾ പരിഹരിച്ച് സഭകൾ ഒരുമിച്ച് നിൽക്കണമെന്നും അതിന് ഭാഗധേയത്വം വഹിക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷിക സമ്മേളനം പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒന്നിച്ചു നിന്നാൽ വലിയൊരു ശക്തിയാകും. അപ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. അത്തരം ഒരുമിക്കലിലൂടെ ക്രിസ്തുവിന്റെ സന്ദേശം ഏറ്റവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും, കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും, സ്നേഹത്തിന്റെ മഹാഗോപുരങ്ങൾ സൃഷ്ടിക്കാനും കഴിയും. ഈ ഒരുമിപ്പിക്കലും യോജിപ്പും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. അത് നമ്മുടെ സംസ്ഥാനത്തിന് ആകെ പ്രയോജനകരമായി മാറും. ഞാൻ ഇൗ വലിയ യോജിപ്പിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ നന്മയ്ക്ക് കൂടിയാണ്. സഹോദരന്മാർ ഒരുമിച്ചു ചേരണമെന്നതാണ് സ്വർഗം ആഗ്രഹിക്കുന്നത്. ആഗ്രഹപൂർത്തീകരണത്തിനായി ഏവരും ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അധ്യക്ഷത വഹിച്ചു. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നാമധേയത്തിലുള്ള ശ്രേഷ്ഠ ബാവ പുരസ്കാരം നടൻ മമ്മൂട്ടിക്ക് പാത്രിയർക്കീസ് ബാവ സമ്മാനിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ, ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ, മന്ത്രി അനൂപ് ജേക്കബ്, മന്ത്രി റോജി എം. ജോൺ, മാർത്തോമ്മാ സഭയുടെ യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, സിറോ മലബാർ സഭയുടെ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, എം.പി. മാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭയെ പ്രതിനിധാനം ചെയ്ത് ഡോ. മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സിറിൽ മാർ ബസേലിയോസ്, സി.എസ്.ഐ. സഭയെ പ്രതിനിധാനം ചെയ്ത് റവ. കുര്യൻ പീറ്റർ എന്നിവർ ആശംസകൾ നേർന്നു. എം.എൽ.എ.മാരായ മാത്യു കുഴൽനാടൻ, റോയി കെ. പൗലോസ്, വി.പി. സജീന്ദ്രൻ, ഷിബു തെക്കുംപുറം, മനോജ് മൂത്തേടൻ, മുൻമന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോ. ചേർന്നു
150 വർഷം മുൻപുനടന്ന മുളന്തുരുത്തി സുന്നഹദോസിനെ അനുസ്മരിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേർന്നു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ വെള്ളിയാഴ്ച സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലിന് മുൻപിലായിരുന്നു യോഗം. മലങ്കരയിലെ വിവിധ പള്ളികളിൽനിന്നും 3500-ഓളം പ്രതിനിധികൾ പങ്കെടുത്തു. ശേഷം പൊതുസമ്മേളനവും നടന്നു.
പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സ്വാഗതം പറഞ്ഞു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ആമുഖപ്രഭാഷണം നടത്തി. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അധ്യക്ഷനായി. സിറിയ മുതൽ പല രാജ്യങ്ങളിലും ക്രിസ്ത്യാനികൾക്കെതിരേ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും സഭകൾ വിട്ടുവീഴ്ച ചെയ്ത് ഒറ്റക്കെട്ടായി വർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യോഗത്തിൽ സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വർഗീസ് തെക്കേക്കര കോർ എപ്പിസ്കോപ്പ, സഭാ വർക്കിങ് കമ്മിറ്റി അംഗം ജെയ്സൻ ജോൺ, ഫാ. എൽദോസ് എം. ബേബി, ഫാ. വർഗീസ് പനിച്ചിയിൽ തുടങ്ങിയവർ സംസാരിച്ചു.