അപകട ഭീഷണിയായി പേട്ട ജങ്ഷന് സമീപത്തെ കുഴി

തൃപ്പൂണിത്തുറ : പേട്ട ജങ്ഷൻ എത്തുന്നതിന് തൊട്ടു മുന്നേയുള്ള തൃപ്പൂണിത്തുറ റോഡിലെ കുഴികൾ അപകട ഭീഷണിയാകുന്നു. അതോടൊപ്പം റോഡിൽ വലിയ ഗതാഗതക്കുരുക്കിനും ഇത് ഇടയാക്കുന്നു.

കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കുന്നതിനായി വാട്ടർ അതോറിറ്റി മാസങ്ങൾക്കു മുൻപ് റോഡിൽ തോട് കീറിയ പോലെ കുഴിച്ചിരുന്നു. അത് ശരിയാംവണ്ണം മൂടുകയോ, ടാർ ചെയ്യുകയോ ഒന്നും ചെയ്തില്ല. ചേർന്നു തന്നെയുള്ള വലിയ കുഴിയും മൂടാൻ അധികൃതർ തയ്യാറാകാത്തതാണ് ഗതാഗതപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

മെട്രോ പില്ലറിനോട് ചേർന്നാണ് അപകടകരമാംവിധം ആഴമുള്ള കുഴികൾ. എൻ.എച്ചിന്റെ ഭാഗമാണ് ഈ റോഡ്. നിരന്തരം ബസുകളടക്കം പൊയ്ക്കൊണ്ടിരിക്കുന്ന പ്രധാന പാതയുമാണിത്. വാഹനങ്ങൾ പേട്ട പാലം ഇറങ്ങി ജങ്ഷനിലേക്ക് വരുമ്പോൾ മാത്രമാണ് കുഴികൾ ശ്രദ്ധയിൽപ്പെടുകയുള്ളൂ. പെട്ടെന്ന് വണ്ടി ബ്രേക്ക് ചെയ്യും. അത് അപകടങ്ങൾക്ക് കാരണമാകുന്നതായും പരാതി ഉണ്ട്.

ബൈക്ക് യാത്രികർ പലരും ഈ കുഴികളിൽ ചാടി വീഴുന്നു. ഓട്ടോകൾ പോലും കുഴികളിൽ നിന്നും മുന്നോട്ടു പോകാൻ പാടുപെടുന്നു. കഴിഞ്ഞ ദിവസം ആരോ കുറച്ച് ചെങ്കൽപ്പൊടി കുഴികളിൽ ഇട്ടിട്ടുണ്ട്. നിരന്തരം വാഹനങ്ങൾ പോകുന്ന റോഡായതിനാൽ അത് അടുത്ത ദിവസം പോകുമെന്നും കുഴി വീണ്ടും ആഴത്തിലാകുമെന്നും ജനങ്ങൾ പറയുന്നു.