കൊച്ചി നഗരത്തിൽ പരിശോധന ശക്തമാക്കാൻ പോലീസ്

കൊച്ചി: ലഹരിമരുന്ന് ഉപയോഗം, വിൽപ്പന, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ, മദ്യപിച്ചും മറ്റ് ലഹരി ഉപയോഗിച്ചുമുള്ള ഡ്രൈവിങ് എന്നിവ തടയുന്നതിനായി ശനിയാഴ്ച സ്പെഷ്യൽ കോമ്പിംഗ് ഓപ്പറേഷൻ നടത്തി കൊച്ചി സിറ്റി പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക വാഹനപരിശോധനകളും സംശയാസ്പദമായ വ്യക്തികളെയും സ്ഥലങ്ങളെയും കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ 184 കേസുകളും, മയക്കുമരുന്ന് ഉപയോഗം, വിൽപ്പനയുമായി ബന്ധപ്പെട്ട് 22 കേസുകളും, പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 42 കേസുകളും രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 8 വാറന്റുകൾ ഉൾപ്പെടെ 75 വാറന്റുകൾ എക്സിക്യൂട്ട് ചെയ്ത് , 89 ആന്റി സോഷ്യലുകളെ പരിശോധിച്ച് നടപടി സ്വീകരിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുക, ലഹരിമരുന്ന് മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും പ്രവർത്തനങ്ങൾ തടയുക, പൊതുജനങ്ങളുടെ സുരക്ഷയും സമാധാനപരമായ ജീവിതസാഹചര്യവും ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനകളും പ്രത്യേക കോമ്പിംഗ് ഓപ്പറേഷനുകളും തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Content Highlights: Kochi City Police conducted a special combing operation to curb drug abuse and drunk driving, booking hundreds across the city.