അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍ ഓഫ് കേരളയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവ (ഐ.സി.എഫ്.കെ.)ലിന്റെ രണ്ടാം എഡിഷന് വേദിയാകാന്‍ കൊച്ചി. ഒക്ടോബര്‍ രണ്ടുമുതല്‍ അഞ്ചുവരെയാണ് ഫെസ്റ്റിവല്‍. കേരള ലളിതകലാ അക്കാദമിയും കലിഗ്രഫി കലാകാരന്‍ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കചടതപ ഫൗണ്ടേഷനും ചേര്‍ന്നാണ് ദര്‍ബാര്‍ഹാളില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേല്‍ ഡി അനസ്റ്റാഷ്യോ, വിയറ്റ്നാമില്‍നിന്നുള്ള ഡാങ് ഹോക്, ഏഷ്യന്‍ കലിഗ്രഫി അസോസിയേഷന്‍ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ കിം ജിന്‍-യങ്, ഇന്ത്യന്‍ അക്ഷരകലയുടെ കുലപതി എന്നറിയപ്പെടുന്ന അച്യുത് പാലവ്, ഇന്ത്യന്‍ രൂപ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ് കുമാര്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കലിഗ്രാഫര്‍മാര്‍ അതിഥികളായെത്തും.
ഇന്ന് വൈകീട്ട് 6.45-ന് ദര്‍ബാര്‍ ഹാളില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര കാലിഗ്രാഫി എക്‌സിബിഷന്‍ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനംചെയ്യും. കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി മുഖ്യാതിഥി ആയിരിക്കും. മനോജ് കെ ദാസ് (മാതൃഭൂമി എഡിറ്റര്‍ - ഡെയ്‌ലി ആന്‍ഡ് ഡിജിറ്റല്‍) ശ്രദ്ധ സുബ്രഹ്‌മണ്യന്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ Jain SoDMCA, കാലിഗ്രാഫര്‍ അക്ഷയ തോബ്രേ തുടങ്ങിയവര്‍ സംസാരിക്കും.
ശില്പശാലകള്‍, തത്സമയ ഡെമോകള്‍, അന്താരാഷ്ട്ര കലിഗ്രഫി പ്രദര്‍ശനം എന്നിവ കൂടാതെ കര്‍ണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും ശ്രീദേവി നമ്പൂതിരിയുടെ നൃത്തവും അനുബന്ധ പരിപാടികളും ഉണ്ടാകും. https://kachatathapa.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍.
Content Highlights: international calligraphy festival of kerala kochi