അനധികൃത മദ്യക്കടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കൊച്ചി: അനധികൃത മദ്യം കൈവശം വെച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മലപ്പുറം പൂക്കട്ടരി സ്വദേശി അൽക്കു എന്ന ഷഫീക്ക് (30) ആണ് അറസ്റ്റിലായത്.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാംലാലും സംഘവും ജൂൺമാസത്തിൽ പട്രോളിങ് നടത്തുന്നതിനിടെ എറണാകുളം പി.ടി. ഉഷ റോഡിൽ കാറിന്റെ ഡിക്കിയിൽ അനധികൃത മദ്യം സൂക്ഷിച്ച കേസിലാണ് അറസ്റ്റ്. രണ്ടാംപ്രതി ഷുഹാബ് അന്ന് തന്നെ പിടിയിലായിരുന്നു.
സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് യുടെ നേത്യത്വത്തിൽ സബ് ഇൻസ്പെക്ടർ വി. വിധുൻ, സീനിയർ പോലീസ് ഓഫീസർമാരായ അജീഷ്, പ്രശാന്ത് ബാബു, സിജു എന്നിവരും പോലീസുകാരായ സിജിത്ത്, രാധാകൃഷ്ണൻ എന്നിവരും നടത്തിയ അന്വേഷണത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്തുള്ള എ.എൽ. ജേക്കബ് റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഈ വർഷം ഫെബ്രുവരിയിൽ എറണാകുളം എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണ് സമാനകുറ്റകൃത്യത്തിന് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
Content Highlights: Ernakulam Central Police arrested an absconding accused involved in an illegal liquor smuggling case in Kochi.