ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോയ്ക്ക് തുടക്കമായി

കൊച്ചി: കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CREDAI) കൊച്ചിയിലെ പ്രോപ്പർട്ടി എക്സ്പോയ്ക്ക് തുടക്കമായി. കലൂർ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന എക്സ്പോ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) ചെയർമാൻ പി.എച്ച്. കുര്യൻ (റിട്ട. ഐ.എ.എസ്.) ഉദ്ഘാടനം ചെയ്തു.
റെറ നിലവിൽ വന്ന ശേഷം കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എക്സ്പോ ഉദ്ഘാടനം ചെയ്തുകൊണ്ട് പി.എച്ച്. കുര്യൻ പറഞ്ഞു. 2020ന് ശേഷം ആരംഭിച്ച പ്രൊജക്ടുകൾ നന്നായി പുരോഗമിക്കുന്നുണ്ട്. കൂട്ടായ പ്രവർത്തനത്തിലൂടെ പൂർണമായും വിശ്വാസ്യതയുള്ള വിപണിയായി റിയൽ എസ്റ്റേറ്റിനെ മാറ്റാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കുടക്കീഴിൽ എല്ലാ ബിൽഡർമാരും എത്തുന്നു എന്നതാണ് എക്സ്പോയുടെ പ്രത്യേകതയെന്ന് ക്രെഡായ് കൊച്ചി പ്രസിഡന്റ് രവിശങ്കർ പറഞ്ഞു. സന്ദർശകർക്ക് വ്യത്യസ്ത പ്രൊജക്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെനിന്നും ലഭിക്കും. പല സ്ഥലങ്ങളിലും പല പ്രൈസ് റേഞ്ചുകളിലും നിർമാണത്തിന്റെ പല ഘട്ടങ്ങളിലുമുള്ള പ്രൊജക്ടുകളുണ്ട്. അവ താരതമ്യം ചെയ്ത് ഓരോരുത്തർക്കും അവരുടെ താൽപര്യങ്ങൾക്കിണങ്ങുന്ന പ്രൊജക്ട് തിരഞ്ഞെടുക്കാനാകും - രവിശങ്കർ വ്യക്തമാക്കി.
ക്രെഡായ് കൊച്ചി എക്സ്പോയുടെ 33-ാമത് എഡിഷനാണ് ഇത്തവണത്തേത്. ജൂലായ് 26, 27, 28 തീയതികളിൽ രാവിലെ പത്തു മുതൽ വൈകിട്ട് എട്ടു വരെയാണ് പ്രദർശനം. ബിൽഡർമാരുടേത് കൂടാതെ ബാങ്കുകളുടെ സ്റ്റാളുകളും എക്സ്പോയിലുണ്ട്. പ്രോപ്പർട്ടി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിനാവശ്യമായ വ്യത്യസ്ത വായ്പകളെ കുറിച്ചുള്ള വിവരങ്ങളും വായ്പയെടുക്കാനുള്ള സൗകര്യവും എക്സ്പോ സെന്ററിൽ നിന്നുതന്നെ ലഭിക്കും. എസ്.ബി.ഐ. ആണ് മുഖ്യ സ്പോൺസർ.