പായലും പുല്ലും നിറഞ്ഞ് ചെങ്ങൽ തോട്, പമ്പിങ് പ്രതിസന്ധിയിൽ

കാലടി: പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോട്ടിൽ പായലും പുല്ലും നിറഞ്ഞ് ഒഴുക്ക് നിലച്ച സ്ഥിതിയിലാണിപ്പോൾ. ചെറുതും വലുതുമായ നിരവധി ജലസേചന പദ്ധതികൾ തോട്ടിലെ വെള്ളത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്.
പമ്പിങ് സ്റ്റേഷനുകൾ വലിയ പ്രതിസന്ധി നേരിടുകയാണ്. കൊടിഞ്ഞിലി, പുളിയാമ്പിള്ളി എന്നീ മേജർസ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ കാർഷികവൃത്തിക്ക് വെള്ളം കിട്ടാതെ വരും. ഏക്കറുകണക്കിന് കൃഷിയിടങ്ങൾ പമ്പിങ് സ്റ്റേഷനുകളിൽനിന്നുള്ള വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. ഇറിഗേഷൻ തോടുകളിലൂടെ വെള്ളം ഒഴുകിയില്ലെങ്കിൽ കിണറുകൾ വറ്റുകയും കുടിവെള്ള പ്രതിസന്ധി ഉയരുകയും ചെയ്യും.
മഴ ആവശ്യത്തിന് പെയ്യാത്തതിനാൽ കർഷകർക്ക് നിത്യവും വെള്ളം ആവശ്യമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അധികൃതർ തോട്ടിലെ പായലും പുല്ലും നീക്കം ചെയ്യുന്ന പ്രവൃത്തി ചെയ്യാറുണ്ട്. എല്ലാവർഷവും മഴക്കാലത്തിനു മുൻപാണ് ശുചീകരണം നടത്താറുള്ളത്. ശുചീകരണം നടത്തിയാലും പെട്ടെന്നുതന്നെ പായൽ നിറയുന്ന സ്ഥിതിയാണ് ഇവിടെയെന്ന് നാട്ടുകാർ പറയുന്നു.
തോട് ശുചീകരിക്കുന്നതിന് അധികാരികളിൽനിന്നും പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും ആവശ്യമായ ഇടങ്ങളിൽ ചെക്ക് ഡാമുകൾ നിർമിച്ച് ജലനിരപ്പ് സംരക്ഷിച്ചു നിർത്തണമെന്നും പ്രദേശവാസികളും കർഷകരും ആവശ്യപ്പെടുന്നു.
Content Highlights: Weeds and moss choke Chengal canal near Kalady, threatening irrigation pumping stations and escalating drinking water worries for farmers.