ലൈംസ്റ്റോൺ ഐലാഷ് പിറ്റ് വൈപർ, ലീഫ് നോസ്ഡ് ബാറ്റ്; മെകോങ് മേഖലയിൽ കണ്ടെത്തിയത് 234 പുതിയ സ്പീഷിസുകൾ

ലീഫ് നോസ്ഡ് ബാറ്റ് | Photo: AFP
ലീഫ് നോസ്ഡ് ബാറ്റ് | Photo: AFP

ഹനോയി: തെക്കുകിഴക്കന്‍ ഏഷ്യയിലെ മെകോങ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ സസ്യ-ജന്തുജാലങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്). 'ലൈംസ്റ്റോണ്‍ ഐലാഷ് പിറ്റ് വൈപര്‍' എന്ന് പേര് നല്‍കിയിരിക്കുന്ന പാമ്പ്, 'ലീഫ് നോസ്ഡ് ബാറ്റ്' എന്ന വവ്വാല്‍ എന്നിവയും പുതിയതായി കണ്ടെത്തിയ ജീവജാലങ്ങളില്‍ ഉള്‍പ്പെടുന്നു.

തായ് നാഷണല്‍ പാര്‍ക്കിലെ ചുണ്ണാമ്പുകല്ലുകള്‍ക്കിടയില്‍ കണ്ടെത്തിയതിനാലാണ് പാമ്പ് സ്പീഷിസിന് ലൈംസ്റ്റോണ്‍ ഐലാഷ് പിറ്റ് വൈപറെന്ന പേര് നല്‍കിയിരിക്കുന്നത്. ഏഷ്യന്‍ പിറ്റ് വൈപ്പറിന്റെ ഉപജാതി കൂടിയാണിത്. തവിട്ടും പച്ചയും കലര്‍ന്നതാണ് ശരീരം. 

അഞ്ച്- ഏഴ് ഗ്രാമിനിടയില്‍ ഭാരം വരുന്നതാണ് ലീഫ് നോസ്ഡ് ബാറ്റ്. ഇവയുടെ മൂക്ക് ഇലയ്ക്ക് സമാനമാണ്. അതിനാലാണ് ഇതിന് ലീഫ്-നോസ്ഡ് ബാറ്റെന്ന പേര് നല്‍കിയിരിക്കുന്നത്. ഗ്രേറ്റര്‍ മെകോങ്ങില്‍ ഉള്‍പ്പെടുന്ന തായ്‌ലന്‍ഡിലും ലീഫ് നോസ്ഡ് ബാറ്റിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

കംബോഡിയ, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ മെകോങ് പ്രധാന ജൈവവൈവിധ്യ മേഖലകൂടിയാണ്. കഴിഞ്ഞവര്‍ഷം 234 പുതിയ സസ്യ-ജന്തുജാല സ്പീഷിസുകളെയാണ് പ്രദേശത്തുനിന്ന് കണ്ടെത്തിയത്. 

ഗ്രേറ്റര്‍ മെകോങ് മേഖലയില്‍ ജൈവവൈവിധ്യത്തിന്‍റെ കാര്യത്തിൽ മുന്നില്‍ നില്‍ക്കുന്ന രാജ്യം വിയ്റ്റനാമാണ്. 234 പുതിയ സ്പീഷിസുകളിൽ പകുതിയോളവും കാണപ്പെടുന്നത് വിയറ്റ്‌നാമിലാണ്. 106 സ്പീഷിസുകളും വിയറ്റ്‌നാമില്‍ മാത്രം കാണപ്പെടുന്നവയാണ്. ഗ്രേറ്റര്‍ മെകോങ് മേഖലയില്‍ ഏറ്റവുമധികം തനത് സസ്യ-ജന്തുജാലങ്ങള്‍ ഉള്ളതും വിയറ്റ്‌നാമിലാണ്. 

പുതിയതായി കണ്ടെത്തിയ സ്പീഷിസുകളേപ്പറ്റിയുള്ള റിപ്പോര്‍ട്ട് പ്രതീക്ഷയുണര്‍ത്തുന്നതാണെങ്കിലും ചില ആശങ്കകളും ഡബ്ല്യുഡബ്ല്യുഎഫ് പങ്കുവെയ്ക്കുന്നുണ്ട്. വനനശീകരണം, അനധികൃത വന്യജീവി കടത്ത് എന്നിവ മൂലം ചില സ്പീഷിസുകളെങ്കിലും തിരിച്ചറിയപ്പെടുന്നതിന് മുമ്പുതന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായേക്കാമെന്നാണ് ഡബ്ല്യുഡബ്ല്യുഎഫ് റിപ്പോർട്ട് പറയുന്നത്.

Content Highlights: wwf report on species found in mekong region last year