ശരീരത്തില്‍ കയര്‍ കുടുങ്ങിയനിലയില്‍ കൂനന്‍ തിമിംഗിലം, കണ്ടെത്തി രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

സിഡ്‌നി: കയര്‍ ശരീരത്തില്‍ കുടുങ്ങിയ നിലയിലുള്ള കൂനന്‍ തിമിംഗിലത്തെ (ഹംപ്ബാക്ക് വെയില്‍) രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയയിലെ ഒരുകൂട്ടം വന്യജീവി രക്ഷാപ്രവര്‍ത്തകര്‍. സിഡ്‌നി ഹാര്‍ബറിന്റെ തെക്കേയറ്റത്ത് ഈ തിമിംഗിലം നീന്തുന്ന ആകാശദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇതുവരെ ഈ തിമിംഗിലത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സമുദ്രങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് ബോയില്‍ ഘടിപ്പിച്ചിരിക്കുന്ന കയറാണ് കൂനന്‍ തിമിംഗിലത്തിന്റെ ശരീരത്തില്‍ കുടുങ്ങിയത്. അതേസമയം, കയറിന്റെ അറ്റത്ത് ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങളും പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഉണ്ടെങ്കില്‍ ഇത് കൂനന്‍ തിമിംഗിലത്തിന് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും.
തിമിംഗിലത്തിന് ഡൈവ് ചെയ്യുന്നതലിടക്കം തടസ്സം സൃഷ്ടിക്കുന്ന നിലയിലാണ് കയറുള്ളതെന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദഗ്ധര്‍ പറഞ്ഞു. തിമിംഗിലത്തിന്റെ ഇടത് ഭാഗത്താണ് കയര്‍ കുടുങ്ങിയിരിക്കുന്നത്. ഇത് തിമിംഗിലത്തിന് നീന്താനും ഭക്ഷണം തേടാനും കഴിയാത്ത സാഹചര്യമുണ്ടാക്കാനിടയുണ്ട്.
25 അടിയോളം നീളംവരുന്ന കൂനന്‍ തിമിംഗിലത്തിന്റെ ശരീരത്തിലാണ് കയര്‍ കുടുങ്ങിയിട്ടുളളത്. പ്രതികൂലമായ സമുദ്ര സാഹചര്യങ്ങളാണ് തിമിംഗിലത്തെ കണ്ടെത്തുന്നതിന് തടസ്സമായിട്ടുളളത്. ദേശാടനത്തിന്റെ ഭാഗമായി വടക്ക് ലക്ഷ്യമാക്കി നീങ്ങേണ്ട കൂനന്‍ തിമിംഗിലം പക്ഷേ നിലവില്‍ തെക്ക് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഇത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ചും വ്യക്തത ലഭിച്ചിട്ടില്ല.
അനുകൂല സാഹചര്യമൊരുങ്ങി, കൂനന്‍ തിമിംഗിലത്തെ കണ്ടെത്താനായാല്‍ കയര്‍ നീക്കി അതിനെ രക്ഷിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകരുള്ളത്.
Content Highlights: wildlife rescue team in search of tangled humpback whale in australia