ഇനി കുറുക്കനും ചെന്നായയും സുരക്ഷിതര്‍; അംബ്രല്ലാ പരിപാലനവുമായി പുണെ

ഗ്രേ വോള്‍ഫ് | AP
ഗ്രേ വോള്‍ഫ് | AP

കുറുക്കന്‍, ചെന്നായ, കുറുനരി, മരപ്പട്ടി, കഴുതപ്പുലി തുടങ്ങി അഞ്ച് ജീവികളെ ഒറ്റക്കുടക്കീഴില്‍ സംരക്ഷിക്കാന്‍ അംബ്രല്ലാ പരിപാലനവുമായി പുണെ വന്യജീവി വിഭാഗം. ഈ മൃഗങ്ങള്‍ വംശനാശ ഭീഷണിയിലേക്ക് പോവുന്നുവെന്ന് കണ്ടതോടെയാണ് അടിയന്തര പരിപാലന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അംഗീകാരത്തിനയച്ച പദ്ധതിക്ക് ഉടന്‍ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഭൂപ്രകൃതിയിലെ മാറ്റം, വര്‍ധിച്ചുവരുന്ന മനുഷ്യ ഇടപെടല്‍, മറ്റ് മൃഗങ്ങളുമായി നടക്കുന്ന സംഘര്‍ഷം എന്നിവകൊണ്ട് വലിയ ഭീഷണിയാണ് ഈ ജീവികള്‍ ഇപ്പോള്‍ നേരിടുന്നത്. ഇത് ആവാസ വ്യവസ്ഥയേയും ഭക്ഷണത്തേയും കുടിവെള്ളത്തേയും വരെ ബാധിക്കുന്നുണ്ട്. മാത്രമല്ല സംഘര്‍ഷം വര്‍ധിക്കുന്നത് ജീവി വര്‍ഗങ്ങളുടെ നാശത്തിന് വരെ കാരണമാകുന്നുമുണ്ടെന്ന് പുണെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുഷാര്‍ ചവാന്‍  ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നായിരുന്നു അടിയന്തര ഇടപെടല്‍.

ജീവികളുടെ വിവര ശേഖരണമാണ് ആദ്യം നടത്തുക ഇതിനായി മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഭാഗങ്ങള്‍ അടയാളപ്പെടുത്തും. ശേഷം ഇവ നേരിടുന്ന ഭീഷണിയെ കുറിച്ച് പഠിക്കുകയും ഹരിഹാര മാര്‍ഗം എന്തെന്ന് കണ്ടെത്തുകയും ചെയ്യും. ഇതിന് ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക. 

കൃഷിഭൂമി വര്‍ധിപ്പിച്ചതും അനധികൃത നിര്‍മാണ പ്രവര്‍ത്തനവും മൂലമുണ്ടായ ആവാസ വ്യവസ്ഥയുടെ നാശമാണ് ഈ മൃഗങ്ങളുടെ നിലനില്‍പ്പിന് പ്രധാന ഭീഷണിയായത്. ഇതിന് പുറമെ തെരുവുപട്ടികളുമായുള്ള സഹവര്‍ത്വിത്തത്തില്‍ സങ്കരയിനങ്ങളുണ്ടാവുന്നതും വര്‍ധിക്കുന്നുണ്ട്. 

ഭക്ഷണ മാലിന്യവും ഹോട്ടല്‍ മാലിന്യവും ഇവരുടെ ആവാസയിടങ്ങളില്‍ തള്ളുന്നത് കൊണ്ട് പലതരം രോഗങ്ങളും പകര്‍ച്ച വ്യാധികളും ഇവയെ പിടികൂടന്നതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മരണത്തിന് കാരണമാവുകയും എണ്ണസംഖ്യ കുറയുന്നതിന് പ്രധാന കാരണമാകുന്നതായും ബന്ധപ്പെട്ടവര്‍ വിലയിത്തുന്നുണ്ട്. ഇതില്‍ കുറുക്കനാണ് ഏറ്റവും കൂടുതല്‍ നാശത്തിലേക്ക് പോവുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ എണ്ണ വര്‍ധനവിനായി വോള്‍വ് ബ്രീഡിം കേന്ദ്രം തുടങ്ങണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുഷാര്‍ ചവാന്‍ പറയുന്നു. 

Content Highlights: umbrella conservation project covering five wild animal species