ഒറ്റപ്പെട്ടനിലയില്‍ രണ്ട് കരടിക്കുഞ്ഞുങ്ങള്‍, അമ്മക്കരടിയെ കണ്ടെത്താനായില്ല; വനമേഖലയിൽ തുറന്നുവിട്ടു

ഏഷ്യാറ്റിക് ബ്ലാക്ക് കരടിക്കുഞ്ഞുങ്ങള്‍ | Photo: x.com/wti_org_india
ഏഷ്യാറ്റിക് ബ്ലാക്ക് കരടിക്കുഞ്ഞുങ്ങള്‍ | Photo: x.com/wti_org_india

ഗുവാഹട്ടി: അസമിലെ ജോര്‍ഹാട്ടിലുള്ള വനപ്രദേശത്ത് ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ഏഷ്യാറ്റിക് ബ്ലാക്ക് കരടിക്കുഞ്ഞുങ്ങളെ ദേഹിങ് പട്ട്കായി ദേശീയോദ്യാനത്തിലെ വനപ്രദേശത്ത് തുറന്നുവിട്ടു. നാല് മുതല്‍ ആറ് ആഴ്ചവരെ മാത്രം പ്രായമുള്ള കരടിക്കുഞ്ഞുങ്ങളെ ദിസോയ് റിസര്‍വ്ഡ് വനമേഖലയിൽ ഒരു പ്രദേശവാസിയാണ് കണ്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. 

തുടര്‍ന്ന് ഇയാള്‍ കരടിക്കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറുകയായിരുന്നു. അമ്മക്കരടിയുടെ യാതൊരുവിവരവും ലഭിക്കാത്തതിനാല്‍ കാസിരംഗയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് കണ്‍സര്‍വേഷനിലേക്ക് (സിഡബ്ല്യുആര്‍സി) കുഞ്ഞുങ്ങളെ മാറ്റിയിരുന്നു. ഇവിടെവെച്ച് കരടിക്കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സയും വനപ്രദേശത്ത് അതിജീവിക്കാനുള്ള പരിശീലനവും നല്‍കി. 

ഏത് പ്രദേശത്ത് കരടിക്കുഞ്ഞുങ്ങളെ വിടണമെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനവും വനപാലകര്‍ നടത്തി. ദിസോയ് വനമേഖലയില്‍ തന്നെ കരടിക്കുഞ്ഞുങ്ങളെ വിട്ടയ്ക്കാമെന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും ജനവാസമേഖലകള്‍ അടുത്തുള്ളതിനാല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിന്നീടാണ് ജനവാസമേഖലയില്‍നിന്ന് അകലെയുളളതും ഇരലഭ്യത അധികമുള്ളതുമായ ദേഹിങ് പട്ട്കായി ദേശീയോദ്യാനം തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 17-നാണ് കരടിക്കുഞ്ഞുങ്ങളെ ദേഹിങ് പട്ട്കായി ദേശീയോദ്യാനത്തിലെത്തിക്കുകയും വനപ്രദേശത്ത് തുറന്നുവിടുകയും ചെയ്തത്.

Content Highlights: two orphaned Asiatic black bear cubs rescued and released in wild