എണ്ണം മൂവായിരത്തില്‍നിന്ന് 150-ലേക്ക്; ആശങ്കയുടെ നിഴലില്‍ മലയന്കടുവയുടെ നിലനില്‍പ്പ്

മലേഷ്യയുടെ ദേശീയ മൃഗമായ മലയന്‍ കടുവകള്‍ (malayan tiger) എണ്ണത്തില്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. 1950-കളില്‍ 3000-ത്തിനടുത്തുണ്ടായിരുന്ന മലയന്‍ കടുവകളുടെ എണ്ണം ഇന്ന് 150-ല്‍ താഴെയാണ്. വേട്ടയാടല്‍, ഭക്ഷ്യദൗര്‍ലഭ്യം, ആവാസവ്യവസ്ഥയുടെ നാശം എന്നിവ ഇവ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. രണ്ടുവര്‍ഷത്തോളമായി മലേഷ്യയിലെ സംരക്ഷണപ്രവര്‍ത്തകര്‍ നിരീക്ഷിച്ചുവന്ന 'ഭുലാന്‍' എന്ന് വിളിപ്പേരുള്ള പെണ് മലയന്‍ കടുവയുടെ മരണം ആശങ്കയ്ക്ക് വഴിതുറക്കുന്നതാണ്. നാല് കടുവക്കുഞ്ഞുങ്ങളുടെ അമ്മയായ ഭുലാന്റെ മരണം വാഹനമിടിച്ചായിരുന്നു.
കരിഞ്ചന്തയില്‍ വന്‍ ഡിമാന്‍ഡാണ് മലയന്‍ കടുവയ്ക്കും കടുവയുടെ ശരീരഭാഗങ്ങള്ക്കുമുള്ളത്. ഇതും ഇവയുടെ എണ്ണം ഗണ്യമായി കുറയുന്നതിനുള്ള കാരണമായി. അതിര്‍ത്തികടന്നും മലേഷ്യയില്‍ വന്യജീവി ഉത്പന്നങ്ങളുടെ കടത്ത് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും ഫണ്ടിങും വന്യജീവികടത്തുകാര് ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുക്കാനുള്ള ഉപകരണങ്ങളുടെ അപര്യാപ്തതയും കടുവ സംരക്ഷണത്തിന് വെല്ലുവിളിയാകുന്നതായി മലേഷ്യന്‍ ഭരണക്കൂടം തന്നെ സമ്മതിക്കുന്നു.
മലേഷ്യന്‍ പോലീസും വന്യജീവി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനകളില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ് അറസ്റ്റിലായത്. കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പിടിച്ചെടുത്തത്. മലേഷ്യ അനധികൃത വേട്ട തടയുന്നതില്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് 'മലേഷ്യാസ് ലാസ്റ്റ് ടൈഗേഴ്സ്' എന്ന് ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവായ അരിഫിന് പറയുന്നു. ശരിയായ പാതയാണെങ്കിലും ഒരുരാത്രി കൊണ്ട് വിജയമുണ്ടാകില്ലെന്നും എന്നാല്‍ ഒരുനാള്‍ ഫലമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയന്‍ കടുവകളുടെ മടങ്ങിവരവിന് അടുത്ത പത്തുവര്‍ഷം നിര്‍ണായകമായേക്കുമെന്ന് ഡബ്ല്യഡബ്ല്യുഎഫ്-മലേഷ്യ പ്രതികരിച്ചു.
Content Highlights: Malayan Tigers in Malaysia Face Threat As Population Decrease