ഡൽഹി ബേഡ് അറ്റ്ലസ്: വേനൽക്കാല കണക്കെടുപ്പിൽ 21 പുതിയ സ്പീഷിസുകൾ, ആകെ 160

ന്യൂഡൽഹി: ഗ്രേറ്റർ ഫ്ളമിംഗോ അടക്കമുള്ള 21 പക്ഷി സ്പീഷിസുകളുടെ സാന്നിധ്യം ഇതാദ്യമായി ഡൽഹിയിൽ സ്ഥിരീകരിച്ചു. ഡൽഹി ബേഡ് അറ്റ്ലസിനായുള്ള വേനൽക്കാല കണക്കെടുപ്പിലാണ് നിർണായകമായ കണ്ടെത്തൽ. 160 പക്ഷി സ്പീഷിസുകളെയും ബേഡ് അറ്റ്ലസിന്റെ ഭാഗമായുള്ള കണക്കെടുപ്പിൽ ഡൽഹിയിൽ രേഖപ്പെടുത്തി. വംശനാശഭീഷണി നേരിടുന്നവയും ദേശാടകരായ പക്ഷി സ്പീഷിസുകളും ഇതിൽ ഉൾപ്പെടുന്നു.
വെെൽഡ്ലെെഫ് എസ്ഒഎസും ഡൽഹി വനം, വന്യജീവി വകുപ്പുമാണ് കണക്കെടുപ്പിന് പിന്നിൽ. ഗ്രേറ്റർ ഫ്ളമിംഗോ, ഇന്ത്യൻ പിറ്റ, ബ്ലാക്ക് ബിറ്റേൺ, ബോണലീസ് ഈഗിൾ എന്നിവയുടെ സാന്നിധ്യം ഇതാദ്യമായാണ് ഡൽഹിയിൽ സ്ഥിരീകരിക്കുന്നത്. ഡൽഹിയുടെ ജെെവവെെവിധ്യം വിളിച്ചോതുന്നതാണ് പുതിയ കണ്ടെത്തലെന്ന് അധികൃതർ പ്രതികരിച്ചു.
ഡൽഹിയെ 145 നിരീക്ഷണ മേഖലകളാക്കി തിരിച്ച് വിവിധ സീസണുകളിൽ പ്രദേശത്തെത്തുന്ന പക്ഷികളേക്കുറിച്ച് പഠിക്കുകയാണ് ബേഡ് അറ്റ്ലസിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കണക്കെടുപ്പ് കൂടാതെ കടുത്ത വേനലിൽ വെെൽഡ്ലെെഫ് എസ്ഒഎസിന്റെ നേതൃത്വത്തിൽ ജീവജാലങ്ങൾക്കായുള്ള രക്ഷാപ്രവർത്തനവും നടന്നു. ഇതിന്റെ ഭാഗമായി 2025 മേയ് വരെ 500 പക്ഷികളെയാണ് സംഘടന രക്ഷപ്പെടുത്തിയത്.
കടുത്ത ചൂട്, വെെദ്യുതാഘാതം എന്നിവയാൽ ബാധിക്കപ്പെട്ട ദേശാടകരായ പക്ഷി സ്പീഷിസുകളും രക്ഷപ്പെടുത്തിയ പക്ഷികളിൽ ഉൾപ്പെടുന്നു. പൊതുജനങ്ങൾ അറിയിച്ചതുപ്രകാരമുള്ള രക്ഷപ്പെടുത്തലുകളും ഇതിൽ ഉൾപ്പെടുന്നു. കാലാവസ്ഥാ മാറ്റവും മലിനീകരണവും ഡൽഹിയെ വലയ്ക്കുന്ന സാഹചര്യത്തിൽ ബേഡ് അറ്റ്ലസ് പോലുള്ളവയുടെ പ്രാധാന്യം അവഗണിക്കാൻ കഴിയാത്ത ഒന്നായി മാറിയെന്നും വിദഗ്ധർ പറഞ്ഞു.
Content Highlights: summer bird census for delhi bird atlas completed