പോയാലി മലയില്‍ അപൂര്‍വ എട്ടുകാലിസംഘം; ഇവിടം ജൈവവൈവിധ്യത്തിന്റെ കേന്ദ്രമെന്ന് ബയോ സര്‍വേ

മൂവാറ്റുപുഴ: എറണാകുളം പായിപ്ര ഗ്രാമപ്പഞ്ചായത്തിലെ പോയാലി മലയില്‍ കേരളത്തില്‍ അപൂര്‍വമായുള്ള ഇന്ത്യന്‍ സോഷ്യല്‍ സ്‌പൈഡര്‍ എന്ന എട്ടുകാലിവര്‍ഗത്തെ (സ്റ്റെഗോഡിഫസ് സരസിനോറം) കണ്ടെത്തി. മലയിലെ കട്ടിക്കാര കുറ്റിമുള്‍ച്ചെടികളിലാണ് ഇവയുടെ പത്തിലേറെ സംഘങ്ങളുള്ളത്. ഡോക്ടര്‍മാരുള്‍പ്പെടെ ഈ രംഗത്തെ വിദഗ്ധരടക്കമുള്ള 15 അംഗ സംഘം നടത്തിയ പ്രാഥമിക ബയോ സര്‍വേയില്‍ ഇതോടൊപ്പം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സസ്യജാലങ്ങളെയടക്കം കണ്ടെത്തി.
സ്റ്റെഗോഡിഫസ് സരസിനോറം...
സ്റ്റെഗോഡിഫസ് സരസിനോറം എന്ന എട്ടുകാലി വര്‍ഗം ചെറുസമൂഹങ്ങളായാണ് ജീവിക്കുന്നത്. ഒറ്റവലയില്‍ നൂറുവരെ അംഗങ്ങളുണ്ടാകും. ഇവ മറ്റ് ചിലന്തിവര്‍ഗവുമായി കൂടിക്കലരാറില്ല. സംഘം ചേര്‍ന്ന് ഇര പിടിക്കുകയും ആഹാരം പങ്കിടുകയും ചെയ്യും. 8-10 അടി ഉയരംവരുന്ന കുറ്റിച്ചെടികളിലാണ് കൂട്ടമായി വല കെട്ടുന്നത്. കട്ടിക്കാര (Canthium coramandelicum) എന്ന ചെടിയിലാണ് ഇവയ്ക്ക് കൂടു കൂട്ടുവാന്‍ ഇഷ്ടം. നല്ല ബലമുള്ള കമ്പുകളും പടര്‍ന്നു നില്‍ക്കുന്ന ശാഖകളും അധികവര്‍ഷം ജീവിച്ചിരിക്കുകയും ചെയ്യുന്നു എന്നതാണ് കൂടുകൂട്ടാന്‍ ഇവ ഈ ചെടി തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
വലകള്‍ക്കുള്ളില്‍ ചെറിയ കോട്ട പോലെ സ്വന്തമായ ഒരു വാസസ്ഥലവും ഇവയ്ക്കുണ്ട്. വലിയ കോളനികള്‍ക്ക് അടുത്ത് ഉപകോളനികളും ഉണ്ടാക്കാറുണ്ട് എട്ടുകാലികള്‍ തമ്മില്‍ മത്സര സ്വഭാവമില്ല മറിച്ച് സഹകരണമാണ് കൂടുതല്‍. പകല്‍ വിശ്രമിക്കുകയും സൂര്യാസ്തമയത്തോടെ പുറത്തിറങ്ങി ഇര പിടിക്കുകയും ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ആന്തരികാവയവങ്ങള്‍ ദഹിപ്പിച്ച് വായിലൂടെ പകര്‍ന്നു നല്‍കുന്ന എട്ടുകാലി വര്‍ഗം കൂടിയാണ്.
തള്ള എട്ടുകാലി ക്ഷീണിതയാകുന്നതോടെ കുഞ്ഞുങ്ങള്‍ ഇതിന്റെ ജീവസ്തരം ഊറ്റിക്കുടിക്കും (മാട്രിഫാഗി - matryphagy). ഇവയില്‍നിന്ന് മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ കടിയേല്‍ക്കാറില്ലെന്ന് ബയോ ക്യാമ്പ് കോഡിനേറ്റര്‍ ഡോ. സി. രവീന്ദ്രനാഥ കമ്മത്ത് പറഞ്ഞു.
നാല്‍പതിലധികം ഇനം ഔഷധസസ്യങ്ങള്‍, ചിത്രശലഭങ്ങള്‍, മറ്റ് പ്രാണികള്‍ എന്നിവയെയും ഈ പ്രദേശത്തുനിന്ന് കണ്ടെത്തി പട്ടികപ്പെടുത്തി. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ സമിതി, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് ഫോറസ്റ്റ് ക്ലബ്, നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, ഫോറസ്റ്റ് ക്ലബ് എന്നിവ ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
പോയാലിമല ജൈവവൈവിധ്യത്തിന്റെ കേന്ദ്രമെന്ന് കണ്ടെത്തല്‍...
ചെറുസമൂഹങ്ങളായി ജീവിക്കുന്ന അപൂര്‍വ ഇനം എട്ടുകാലിയെ കണ്ടെത്തിയ പായിപ്ര പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ പോയാലിമല ജൈവവൈവിധ്യത്തിന്റെ സുപ്രധാന കേന്ദ്രമെന്ന് വിലയിരുത്തല്‍. നൂറേക്കറിലേറെ വരുന്ന പ്രദേശത്ത് വിശദമായ പരിശോധന നടത്തിയാല്‍ ഇത് പട്ടികയില്‍ പെടുത്താനാവുമെന്ന് ഞായറാഴ്ച പ്രാഥമിക സര്‍വേ നടത്തിയ വിദഗ്ധസംഘം വ്യക്തമാക്കി.
സര്‍വേയില്‍ കണ്ടെത്തിയ പോയാലിമലയിലെ കുറ്റിച്ചെടികള്‍, ചെറുസസ്യങ്ങള്‍, വൃക്ഷങ്ങള്‍, വള്ളിച്ചെടികള്‍, പായലുകള്‍ എന്നിവ ഉള്‍പ്പെടെ 40-ലധികം ഇനം ഔഷധസസ്യങ്ങള്‍, ചിത്രശലഭങ്ങള്‍, മറ്റ് പ്രാണികള്‍ എന്നിവ പട്ടികയില്‍ പെടുത്തി. ഇവയുടെ സംരക്ഷണ നടപടികള്‍ ഉറപ്പാക്കുക എന്നതാണ് ബയോ സര്‍വേയുടെ അടുത്ത പ്രധാന ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ബയോ സര്‍വേ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം റജീന ഷിഹാജ്, ഡോ. ജോസഫ് തോമസ്, ഡോ. ശ്രീരാജ് കെ. ദാമോദര്‍, ഡോ. സി. രവീന്ദ്രനാഥ കാമത്ത്, ഡോ. നിയ ശിവന്‍ രണ്‍ദീപ്, ഡോ. രേഷ്മ പി. ജോണ്‍, ഡോ. ബിനോയ് ഭാസ്‌കരന്‍, പി.എം. നൗഫല്‍, ഡോ. കെ.പി. ആനന്ദ്, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ്, നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: stegodyphus sarasinorum rare spider species found in poyali mala ernakulam