ഇരുവഞ്ഞിപ്പുഴയുടെ സ്വന്തം നീർനായ്ക്കൾ; കടിയേറ്റാൽ പണി കിട്ടും, എടുക്കേണ്ടത് 20 ഇഞ്ചക്ഷനുകൾ

ഇരുവഞ്ഞി പുഴപ്പെണ്ണേ കിളിപ്പെണ്ണേ മൊഞ്ചത്തിപ്പെണ്ണേ... എന്ന് റഫീഖ് അഹമ്മദ് വരികളെഴുതി എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനത്തിലൂടെ ഇരുവഞ്ഞിപ്പുഴ ഓരോ മലയാളിയുടെയും മനസ്സിലൂടെയാണ് ഒഴുകിയത്..എന്നാൽ, ഈ പാട്ടും മൂളി ഇരുവഞ്ഞിയിലിറങ്ങാന്‍ പുഴയെ സ്നേഹിക്കുന്നവര്‍ക്ക് ഭയമാണ്. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയം പറഞ്ഞ ഇരുവഞ്ഞി നീര്‍നായകളുടെ സുഖവാസ കേന്ദ്രമാണിന്ന്. വെള്ളത്തിലിറങ്ങിയാല്‍ കടിയുറപ്പ്. ഇത് ഇരുവഞ്ഞിയിലെ മാത്രം അവസ്ഥയല്ല. കേരളത്തിന്റെ പല ഭാഗങ്ങളിലേയും കടവുകളും പുഴകളും ഇന്ന് നീര്‍നായകളുടെ വിഹാരകേന്ദ്രമാണ്. മനുഷ്യനൊപ്പം ഒരുകാലത്ത് ഏറെ ചേര്‍ന്ന് നിന്നിരുന്നവരാണിവര്‍. ഇന്ന് കഥമാറി. സ്മൂത്ത് കോട്ടട് ഒട്ടര്‍ എന്ന നീര്‍നായ വിഭാഗമാണ് പ്രധാനമായും ഇന്ത്യയില്‍ കാണുന്നത്. ഇതാണ് ഇരുവഞ്ഞി പ്രദേശത്തും നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നത്.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തോളമായി മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ അത്ര ശ്രദ്ധിക്കപ്പെടാത്ത പുതിയ ഏടിനെ അനുഭവിച്ചറിയുകയാണ് കോഴിക്കോട് ജില്ലയിലെ ഇരുവഞ്ഞിയോടും ചാലിയാറിനോടും ചേര്‍ന്നുള്ള നാല് പഞ്ചായത്തുകളിലെ നാട്ടുകാർ. കടിയേല്‍ക്കുന്നവര്‍ ഏറെ, ഗുരുതരമായി മുറിവേല്‍ക്കുന്നര്‍ ഏറെ. പ്രശ്‌നം നിയമസഭ വരെയെത്തി. പണ്ട് വലിയ അപകടകാരികളല്ലാതിരുന്ന നീര്‍നായകള്‍ എന്തുകൊണ്ട് ഇവിടങ്ങളില്‍ അക്രമകാരികളാവുന്നുവെന്നത് സംബന്ധിച്ച് ശാസ്ത്രീയമായി പഠനം നടത്തുമെന്ന് നിയമസഭയില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മറുപടി നല്‍കി. കടിയേല്‍ക്കുന്നവരുടെ എണ്ണവും നീര്‍നായകളുടെ എണ്ണവും പെരുകുന്ന ആശങ്കാജനകമായ സംഭവങ്ങള്‍ക്കാണ് ഇരുവഞ്ഞി സാക്ഷിയാകുന്നത്.
Content Highlights: Smooth-coated otter Attack In Kozhikode