ഒഡിഷയിലെ ഡെബ്രിഗഢ് വന്യജീവി സങ്കേതത്തിലെ കടുവകളുടെ കണക്കെടുപ്പില്‍ വിദ്യാര്‍ഥികള്‍ ഭാഗമാകും

പ്രതീകാത്മക ചിത്രം |  ഫോട്ടോ: പി.ടി.ഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ

സംഭല്‍പുര്‍ (ഒഡിഷ): രാജ്യത്താകമാനം നടക്കുന്ന കടുവകളുടെ കണക്കെടുപ്പില്‍ ഡെബ്രിഗഢ് വന്യജീവി സങ്കേതത്തില്‍ ഒഡിഷയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ പങ്കാളികളാകും. ദുന്‍ഗുരി കോളേജ്, ഘാമഗാവ് കോളേജ്, ലക്കന്‍പുര്‍ ഹൈസ്‌കൂള്‍ എന്നീവിടങ്ങളിലുളള 46 വിദ്യാര്‍ഥികള്‍ ദേശീയതലത്തില്‍ നടക്കുന്ന സെന്‍സസില്‍ ഇതാദ്യമായി ഭാഗമാകുമെന്ന് ഹിരാകുദ് വന്യജീവി ഡിവിഷന്‍ ഡിഎഫ്ഒ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് കണക്കെടുപ്പില്‍ പങ്കെടുക്കാനുള്ള പരിശീലനം ചൊവ്വാഴ്ച ആരംഭിച്ചു. നവംബര്‍ ആദ്യവാരംവരെ ഇത് നീണ്ടുനില്‍ക്കും. കടുവയുടെ പഗ് മാര്‍ക്ക് തിരിച്ചറിയുന്നത് അടക്കമുള്ള പരിശീലനമാണ് നല്‍കിവരുന്നത്. വരാനിരിക്കുന്ന സര്‍വേയ്ക്കായി 26 സെന്‍സസ് യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചു.

വനംവകുപ്പില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന 80 വനംവകുപ്പ് ഉദ്യോഗസ്ഥരും നവംബര്‍ രണ്ടാം വാരം ആരംഭിക്കുന്ന സര്‍വേയില്‍ പങ്കാളികളാകും. കണക്കെടുപ്പിനായി 107 ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പഗ് മാര്‍ക്ക് പോലുള്ള അടയാളങ്ങളും ക്യാമറ ട്രാപ്പുകളും ഉപയോഗിച്ചാണ് കണക്കെടുപ്പ്. 2022-ലാണ് ഇതിന് മുന്‍പ് ദേശീയതലത്തിലുള്ള കടുവകളുടെ കണക്കെടുപ്പ് നടന്നത്. 2023-ല്‍ ഡെബ്രിഗഢില്‍ പുള്ളിപ്പുലികളുടെ കണക്കെടുപ്പ് നടന്നിരുന്നു. ഇതില്‍ വന്യജീവി സങ്കേതത്തില്‍ 82 പുള്ളിപ്പുലികളെയാണ് രേഖപ്പെടുത്തിയത്.

Content Highlights: School and College Students to Participate In Tiger Census at Debrigarh Sanctuary