നിശാശലഭങ്ങളെ ഇരയാക്കും ബുൾ ബുൾ; ഇണയോടൊപ്പം ഉല്ലസിക്കാൻ ഇഷ്ടം

ഇണയോടൊപ്പം കൂടുതലായി പറക്കാൻ ഇഷ്ടപ്പെടുന്ന കൗതുകമേറിയ കിളികളാണ് നാട്ടു ബുൾബുള്ളും റെഡ് വിസ്‌ക്കേഡ് ബുൾബുള്ളും. ( Red vented Bulbul & Red whiskered Bulbul ) നാട്ടിൽ ഇരട്ടതലച്ചി, തൊപ്പിക്കിളി, കണ്ണക്കാ എന്നീ പേരുകളുമുണ്ട്. ഇവരുടെയും ജീവിതശൈലികൾ ഒന്നാണ്. അതിനാൽ രണ്ടു പേരെയും വെവ്വേറേ പരിചയപ്പെടുത്തുന്നില്ല. ഇവരുടെ ശബ്ദത്തിന് പ്രത്യേക താളവും ഇമ്പവുമുണ്ട്. കണ്ടെത്താൻ വലിയ മെനക്കേടൊന്നുമില്ല. ഒരുപാട് അന്വേഷിച്ച് നടക്കുകയും വേണ്ട. പൊന്തക്കാട്ടിലും, കൃഷിയിടത്തിലും, വനമേഖലയിലും ഇവർ സാധാരണമാണ്. ഇണയോടൊത്ത് പറന്നുനടക്കാനാണ് താൽപ്പര്യമേറെ. ചെറുപഴങ്ങളുണ്ടാവുന്ന കാലമായാൽ ഒന്നും പറയാനില്ല, ഇവരുടെ ആഘോഷം തുടങ്ങുകയായി. അത്തരം സമയങ്ങളിൽ പലവിധ കൂട്ടങ്ങളായി കാണാറുണ്ട്.
ഇവർ തമ്മിലടി പതിവില്ല. നിശാശലഭങ്ങളെയും ഇരയാക്കാറുണ്ട്.
പുറത്ത് ലൈറ്റ് തെളിച്ചിടാറുള്ള വീടുകളിൽ മുൻചുവരുകളിൽ ധാരാളം നിശാശലഭങ്ങൾ വന്നിരിക്കാറുണ്ട്. ഇവരെ രാവിലെ ആഹാരമാക്കാൻ വിരുതന്മാരാണിവർ. ചില മാസങ്ങളിൽ തുറന്ന പ്രദേശങ്ങളിലെ ഇലക്ട്രിക്ക് വയറുകളിൽ അറുപത്തഞ്ചിനോടടുത്ത് കണ്ണയ്ക്കകളെ കണ്ടിരുന്നു.
ഭക്ഷണലഭ്യതയ്ക്കനുസരിച്ച് ഇവർ കാടുകൾക്കുള്ളിൽ അങ്ങിങ്ങായി ഇടം മാറാറുണ്ട്. പൊന്തക്കാടുകളിൽ കൂടുകൾ കൂട്ടും. നിലത്തു നിന്ന് അധികം പൊക്കമില്ലാതെയാണ് കൂടുനിർമ്മിക്കുന്നത്. രണ്ട് മുട്ടകളിടും. ഒന്നിച്ചിരതേടുന്ന സംഘങ്ങളിലെ കൂട്ടുകാരായ ഓലഞ്ഞാലിയും കാക്കകളും ഉപ്പനുമെല്ലാം ഈ പാവങ്ങളുടെ മുട്ടകൾ മോഷ്ടിച്ച് ശാപ്പിടും. നാട്ടിൽ ധാരാളമായി കാണുന്ന കിളിയാണിത്. വീട്ടിലെ വേലിയ്ക്കിടയിലോ ചുമരിലെ അലങ്കാര ചെടിയിലോ ഇവർ കൂടുകൂട്ടാറുണ്ട് . ശത്രുക്കളിൽ നിന്ന് മനുഷ്യൻ രക്ഷപ്പെടുത്തുമെന്ന അമ്മക്കിളിയുടെ പ്രതീക്ഷയാകാം.
Content Highlights: Bulbuls love to fly and spend time with their mates., They feed on small fruits and moths near lit houses., Nests are built low to the ground in bushes or near human dwellings for protection., Their eggs are often preyed upon by crows and other birds.