ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ; സൂര്യനെല്ലിയും പാപ്പാത്തിച്ചോലയും ഇനി സംരക്ഷിതവനം

അടിമാലി: പുൽമേടുകളും കുന്നിൻചരിവുകളും കോടമഞ്ഞ് മൂടുന്ന താഴ്‌വാരങ്ങളും നിറഞ്ഞ മനോഹര ഭൂപ്രദേശങ്ങളാണ് ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോലയും സൂര്യനെല്ലിയും. അതുകൊണ്ടുതന്നെ റിസോർട്ട് മാഫിയ എന്നും മോഹിച്ചിരുന്ന സ്ഥലങ്ങൾ.
എന്നാൽ, 99 വർഷം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിക്ക് പാട്ടത്തിന് നൽകിയിരുന്നതിനാൽ കൈയേറ്റക്കാർക്ക് ഇവിടേക്ക് അടുക്കാനായില്ല. പാപ്പാത്തിച്ചോലയും സൂര്യനെല്ലിയും ഉൾപ്പെടുന്ന 350 ഹെക്ടർ ഭൂമിയാണ് ന്യൂസ് പ്രിന്റ് കമ്പനി യൂക്കാലിപ്റ്റസ് കൃഷിക്കായി പാട്ടത്തിനെടുത്തിരുന്നത്.
22 വർഷം മുമ്പ് പാട്ടക്കാലാവധി കഴിഞ്ഞെങ്കിലും ഭൂമി വനംവകുപ്പിന്റെ പേരിലേക്ക് റവന്യൂ വകുപ്പ് മാറ്റിനൽകിയില്ല. ഇതോടെയാണ് മേഖലയിലേക്ക് കൈയേറ്റം കൂടിയത്. ഈ പ്രദേശങ്ങൾ റിസർവ് വനം ആകുന്നതോടെ കൈയേറ്റങ്ങളും ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
2017 ഏപ്രിലിൽ അന്നത്തെ സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ, പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് പൊളിച്ചുനീക്കിയത് ഏറെ വിവാദമായിരുന്നു. ആ സ്ഥലം ഉൾപ്പെടെ ഇനി സംരക്ഷിതവനമാകും. ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന ഭൂമിയും സംരക്ഷിതവനമാക്കുന്ന ഭൂമിയിലുണ്ട്. സൂര്യനെല്ലിയിലെ 281.57 ഹെക്ടറും പാപ്പാത്തിച്ചോലയിലെ 83.32 ഹെക്ടറുമാണ് വനംവകുപ്പ് റിസർവ് വനമേഖലയാക്കുന്നത്.
1994 മുതൽ 2001 വരെ ഈ ഭൂമിയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് യൂക്കാലിപ്റ്റസ് നട്ടുപരിപാലിച്ചിരുന്നു. പാട്ടക്കരാർ അവസാനിച്ചതോടെ ഇതിൽ അഞ്ചുഹെക്ടർ ഭൂമി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനായി വിട്ടുകൊടുത്തു. ബാക്കിവരുന്ന പുൽമേടുകൾ, പാറക്കെട്ടുകൾ, നീർച്ചാലുകൾ, ചതുപ്പുകൾ എന്നിവ ഉൾപ്പെടുന്ന ഭൂമിയാണ് വനമാക്കുന്നത്.
ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ചിത്രശലഭങ്ങൾ, ജലജീവികൾ എന്നിവയുടെ ആവാസമേഖലയാണിത്. ഇതിനാലാണ് റിസർവ് വനമാക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. നിരവധി തവണ ഇവിടെനിന്ന് കൈയേറ്റക്കാരെ ഭൂസംരക്ഷണസേന ഒഴിപ്പിച്ചതാണ്. എന്നാൽ, ഇപ്പോഴും മേഖലയിൽ കൈയേറ്റമുണ്ട്. വ്യാജരേഖ ചമച്ചാണ് കൈയേറ്റം. ഇതുസംബന്ധിച്ച് നിരവധി കേസുകളും കോടതികളിലുണ്ട്.
Content Highlights: Pappathichola, Suryanelli in Idukki is a biodiversity rich area