ഭാവഗായകൻ, സ്വന്തക്കാരെ അടുപ്പിക്കില്ല, സ്ഥലം കയ്യേറും; കറൻസിയിൽപ്പോലും ഇടം പിടിച്ച മണ്ണാത്തിപുള്ള്

#സുധീഷ് തട്ടേക്കാട്

പാട്ടുപാടി മയക്കി കളയും! അതാണ് മണ്ണാത്തിപുള്ളിന്റെ ശീലം( Oriental Magpie Robin ) വീട്ടിലെ തൊടിയിലൊക്ക കാണാം. വീട്ടിലൂടെ അങ്ങനെ ചുമ്മാ ചുറ്റി പറന്നുനടക്കുമെങ്കിലും ഇങ്ങേര് ചില്ലറക്കാരനല്ല. ബംഗ്ലാദേശിന്റെ ദേശിയ പക്ഷിയാണ്. അവിടുത്തെ കറൻസിയിലും പുള്ളിയുടെ ചിത്രമുണ്ട്. ചിലപ്പോഴൊക്കെ തൊടിയിൽ നിന്ന് തുടർച്ചയായി ശിർർർ എന്ന ചീറ്റൽ കേൾക്കുന്നെങ്കിൽ ശ്രദ്ധിക്കണം . അത് മണ്ണാത്തിപുള്ള് പാമ്പിനെ കാണുമ്പോൾ ഉണ്ടാക്കുന്ന ശബ്ദമായേക്കും. ഒറ്റയ്ക്ക് പാമ്പിനെ നേരിടാനുള്ള കരുത്ത് ഇവയ്ക്കില്ല. അതിനാൽ ഈ ശബ്ദം കേൾക്കുന്ന മാത്രയിൽ ചുറ്റുവട്ടങ്ങളിൽ നിന്ന് മറ്റു പക്ഷികൾ രക്ഷയ്‌ക്കെത്തുന്നത് കണ്ടിട്ടുണ്ട്. ഇവർ സ്ഥിരമായി ഒരിടത്ത് വസിക്കും. ആ സ്ഥലം അവരുടെ സ്വന്തമാണെന്ന് വിചാരിക്കുകയും ചെയ്യും. മറ്റ് പക്ഷികളുമായി ചേർന്ന് ഇരപിടിക്കുമെങ്കിലും സ്വജാതിയിലുള്ള പക്ഷികളെ സ്വന്തം പറമ്പിലേയ്ക്ക് കയറ്റാൻ ഇഷ്ടപ്പെടാറില്ല. ഇക്കാര്യത്തിൽ മണ്ണാത്തിപുള്ള് തല്ലുപിടിക്കാറുമുണ്ട്. അതിമനോഹരമായി പലയീണങ്ങളിലും പാടും. ഇണയെ ആകർഷിക്കുന്നതിനൊപ്പം സ്വന്തം ഇടം ഉറപ്പിക്കുക കൂടിയാണ് പാട്ടിലൂടെ ചെയ്യുന്നത്.

മണ്ണാത്തിപുള്ള്

ഉണങ്ങിയ തെങ്ങിന്റെ പൊത്തിലും, ഉണങ്ങിയ ഇല്ലി (മുള ) ഇവയിലൊക്കെ കൂടുകൂട്ടും. മനുഷ്യർ കൂടിനനുയോജ്യമായ കൃത്രിമകൂടുകൾ വച്ചു കൊടുത്താൽ സന്തോഷത്തോടെ സ്വീകരിക്കും. .ഇവയ്ക്ക് വലിയ വാലുകുലുക്കി പക്ഷിയുമായി സാമ്യമുണ്ട്. പാട്ട്, ഇര തേടൽ, സ്വന്തം പ്രദേശങ്ങൾ സംരക്ഷിക്കൽ, പരിമിതികളെ പ്രയോജനപ്പെടുത്തി കൂടുകൾ നിർമ്മിക്കൽ, ക്ഷുദ്രജീവികളുടെ സാന്നിധ്യം മനുഷ്യനെയറിയിക്കൽ തുടങ്ങിയ സേവനങ്ങൾ ഇഷ്ടൻ ചെയ്തുവരുന്നു. വാല് പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നത് തുണിയലക്കുന്നപോലെയെന്ന് നിരീക്ഷണവുമുണ്ട്.

വലിയ വാലുകുലുക്കി = white browed wagtail

സുധീഷ് തട്ടേക്കാട് - സീനിയർ നാച്ചുറലിസ്റ്റ്, വൈൽഡ്ലൈഫ്/ഹെർപ്പിംഗ് ഗൈഡ് & ടൂർ ലീഡർ

സുധീഷ് തട്ടേക്കാട്

Content Highlights: The Oriental Magpie Robin is the national bird of Bangladesh., Known for its beautiful singing to attract mates and mark territory., Displays territorial aggression toward its own species., Alerts other birds to predators like snakes via distinct alarm calls., Readily accepts artificial nesting boxes provided by humans.