മുട്ടയിടുന്നത് മരപ്പൊത്തിൽ, പുതിയ ഇനം തുമ്പി ആറളത്ത്; ഇതോടെ സംസ്ഥാനത്താകെ 191 തുമ്പിയിനങ്ങൾ

ലിറിയോതെമിസ് അബ്രഹാമി എന്ന തുമ്പി
ലിറിയോതെമിസ് അബ്രഹാമി എന്ന തുമ്പി

കോഴിക്കോട്: ആറളം വന്യജീവിസങ്കേതത്തിൽനിന്ന് പുതിയൊരു തുമ്പി (ഡ്രാഗൺഫ്ലൈ) ഇനത്തെ കണ്ടെത്തി. മരപ്പൊത്തിൽ മുട്ടയിടുന്ന ലിറിയോതെമിസ് അബ്രഹാമി എന്ന തുമ്പിയെയാണ് കണ്ടെത്തിയത്. സാധാരണയായി തുമ്പികൾ ജലാശയങ്ങളിലും വയലുകളിലും തോടുകളിലും അരുവികളിലുമൊക്കെയാണ് മുട്ടയിടുന്നത്.

ഇന്ത്യയിൽ ലിറിയോതെമിസ് ഇനംമാത്രമാണ് മരപ്പൊത്തിൽ മുട്ടയിടുന്നത്‌. അതിന്റെ രൂപസാമ്യതകളാൽ ലിറിയോതെമിസ് ഫ്ളാവ ഇനമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നു. ഈ കണ്ടെത്തലോടെ കേരളത്തിലെ തുമ്പി ഇനങ്ങളുടെ എണ്ണം 191 ആയി ഉയരും.

ട്രാവൻകോർ നെയ്ചർ ഹിസ്റ്ററി സൊസൈറ്റിയിലെയും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേരള കാർഷിക സർവകലാശാല, പാലാ അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലെയും ഗവേഷകർ നടത്തിയ ഫീൽഡ് സർവേകളും ലാർവകളുടെ വളർത്തലുമായുള്ള പഠനത്തിനുശേഷമാണ് ഈ ഇനത്തെ തിരിച്ചറിഞ്ഞത്.

കേരളത്തിലെ തുമ്പിപഠനത്തിൽ അതികായനായ ഡോ. എബ്രഹാം സാമുവലിനോടുള്ള ആദരസൂചകമായാണ് ഇതിന് ഈ പേര് നൽകിയത്. ഇവ മധ്യ, തെക്കൻ പശ്ചിമഘട്ടപ്രദേശങ്ങളിൽമാത്രം കാണപ്പെടുന്ന ഇനമാണ്‌. കേരളത്തിൽ കല്ലാർ, പൊന്മുടി, നെയ്യാർ, ചെന്തുരുണി, പൂയംകുട്ടി, ഇടമലയാർ, സൈലന്റ് വാലി, നിലമ്പൂർ, വയനാട്, കർണാടകത്തിലെ കൂർഗ് എന്നിവിടങ്ങളിൽ ഇവയെ നിരീക്ഷിച്ചിട്ടുണ്ട്.

ഈ കണ്ടെത്തൽ ഇന്ത്യയിലെ കാടുകളുടെ അദൃശ്യമായ ജൈവവൈവിധ്യവും സൂക്ഷ്മ രൂപവിശകലനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനായ ഡോ. കലേഷ് സദാശിവൻ പറഞ്ഞു.

ജെബിൻ ജോസ്, ടോംസ് അഗസ്റ്റിൻ, കെ. ബൈജു, ഡോ. ജാഫർ പാലോട്ട്, ഡോ. ഷാനാസ് സുധീർ, വിനയൻ പി. നായർ, ഡോ. മായ ജോർജ് എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്.

Content Highlights: new dragonfly found in aralam wildlife sanctuary