ഇന്ന് ലോകവന്യജീവിദിനം,ഗിര്‍ വന്യജീവിസങ്കേതത്തില്‍ സഫാരി നടത്തി ചിത്രങ്ങള്‍ പകര്‍ത്തി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി സഫാരിക്കിടെ |  Photo : ANI
പ്രധാനമന്ത്രി നരേന്ദ്ര മോദി സഫാരിക്കിടെ | Photo : ANI

ലോക വന്യജീവി ദിനം പ്രമാണിച്ച് ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതത്തില്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകവന്യജീവി ദിനമായി ആചരിക്കുന്ന മാര്‍ച്ച് മൂന്നിന് രാവിലെയാണ് പ്രധാനമന്ത്രി ഗിര്‍ വന്യജീവി സങ്കേതത്തില്‍ ജീപ്പ് യാത്ര നടത്തിയത്. ചില മന്ത്രിമാരും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു. സഫാരിക്കിടെ മോദി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.  സഫാരിയുടെ ചിത്രങ്ങള്‍ പിന്നീടദ്ദേഹം എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. 

"ലോകവന്യജീവിദിനത്തില്‍, ഇന്നുരാവിലെ ഗിര്‍ സങ്കേതത്തിലൂടെ ഞാന്‍ സഫാരി നടത്തി. ഏഷ്യന്‍ സിംഹങ്ങളുടെ വാസസ്ഥലമാണ് ഗിര്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. സഫാരിക്കെത്തിയപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാമൊരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മയിലെത്തി", എക്‌സില്‍ ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചു. 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. 

കഴിഞ്ഞ കുറേ വര്‍ഷത്തെ കൂട്ടായ പരിശ്രമമാണ് ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധവനവുണ്ടാക്കിയതെന്ന് മോദി പറഞ്ഞു. സിംഹങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതില്‍ സമീപപ്രദേശത്ത് താമസിക്കുന്ന ഗോത്രവിഭാഗക്കാരുടേയും സ്ത്രീകളുടേയും പങ്ക് പ്രശംസനീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ നാമോരുത്തരും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോജീവജാലവും സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വരുംതലമുറയ്ക്കായി അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നടത്തിയ വനയാത്രയുടെ ദൃശ്യങ്ങളുള്ള വീഡിയോയും മോദി എക്‌സില്‍ പങ്കുവെച്ചു. 

Content Highlights: PM Modi celebrated World Wildlife Day with a safari in Gujarat`s Gir National Park