കാത്തിരിപ്പിന് വിരാമം; ഹൈദരാബാദില്‍ നിന്ന് ഇഗ്വാനകളും പന്നിക്കരടികളുമെത്തി

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം മൃഗശാലയിലേക്ക് ഒരു ജോഡി ഗ്രീന്‍ ഇഗ്വാനകളെയും പന്നിക്കരടികളെയും എത്തിച്ചു. ഹൈദരാബാദ് മൃഗശാലയില്‍നിന്നാണ് തിങ്കളാഴ്ചയോടെയാണ് ഇവയെ എത്തിച്ചത്. ഇഗ്വാനകളെയും കരടികളെയും പ്രത്യേകം തയ്യാറാക്കിയ കൂടുകളിലേക്കു മാറ്റി. ഒരാഴ്ചയോളം നീളുന്ന നിരീക്ഷണത്തിനുശേഷം കാണാനെത്തുന്നവര്‍ക്ക് മുന്നില്‍ ഇവയെ പ്രദര്‍ശിപ്പിക്കുക.
മൃഗശാലയില്‍ ഗ്രീന്‍ ഇഗ്വാനകളുടെ സാന്നിധ്യം ഇതാദ്യമാണ്. തെക്കേ അമേരിക്കയില്‍ നിന്നുള്ള ഉരഗവര്‍ഗമാണിവ. കൂടിനുള്ളില്‍ മണല്‍വിരിക്കുകയും ചെറിയ വെള്ളച്ചാട്ടവും കുളവും ഒരുക്കിയിട്ടുമുണ്ട്. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാനുള്ള സൗകര്യവുമുണ്ട്. വിശ്രമിക്കാന്‍ മരച്ചില്ലകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
മൃഗശാലയില്‍ എത്തിച്ച ഇഗ്വാനകള്‍ക്ക് രണ്ട് വയസ്സാണ് പ്രായം കണക്കാക്കുന്നത്. 30 മുതല്‍ 42 ഇഞ്ച് വരെ നീളമുണ്ട്. 20 വയസ്സുവരെ ജീവിക്കുന്ന ഇവ രണ്ടുമീറ്റര്‍ വരെ വളരും. പഴങ്ങളും പച്ചക്കറികളുമാണ് ഭക്ഷണം. വര്‍ഷത്തിലൊരിക്കലാണ് മുട്ടയിടുന്നത്. 60 മുട്ടകള്‍ വരെയുണ്ടാകും. പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്താണ് ഇഗ്വാനകളുടെ കൂട്.
മൂന്ന് വയസ്സുവരെ പ്രായമുള്ളവയാണ് പന്നിക്കരടികള്‍. ആന്ധ്രയിലെ കാട്ടില്‍നിന്ന് പിടിച്ചതാണ് രണ്ട് കരടികളേയും. നാലടിയോളം ഉയരമുണ്ട് ഇവയ്ക്ക്. 40 മുതല്‍ 45 വയസ്സുവരെ ജീവിച്ചിരിക്കും. തേന്‍, പഴങ്ങള്‍, പൂക്കള്‍ ഉള്‍പ്പെടെയുള്ളവയാണ് ആഹാരം. പ്രത്യേക കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന പന്നിക്കരടികളെ പരിചയമായിക്കഴിയുമ്പോള്‍ തുറന്ന സ്ഥലത്തേക്കു മാറ്റും.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ മൃഗശാലയില്‍നിന്ന് ഒരു ജോഡി സിംഹങ്ങളെയും മൂന്ന് ഹനുമാന്‍ കുരങ്ങുകളെയും കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.അനുമതി ലഭിച്ചാലുടന്‍ സിംഹങ്ങളെയും കുരങ്ങുകളെയും എത്തിക്കുമെന്ന് മൃഗശാലാ ഡയറക്ടര്‍ എസ്.അബു പറഞ്ഞു.
Content Highlights: iguana and bear reach trivandrum zoo from hyderabad