അമ്മക്കടുവയ്ക്ക് അനുഭവക്കുറവും സമ്മർദവും; കടുവക്കുഞ്ഞുങ്ങളുടെ മരണത്തിൽ അധികൃതർ

പ്രതീകാത്മകചിത്രം| File Photo: PTI
പ്രതീകാത്മകചിത്രം| File Photo: PTI

സുരക്ഷിതസ്ഥാനത്തേക്ക് നീക്കാനുള്ള ശ്രമത്തിനിടെ അമ്മക്കടുവയുടെ കടിയേറ്റ് മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞുങ്ങളെ പരിപാലിച്ചുള്ള അനുഭവക്കുറവും റിക എന്ന അമ്മക്കടുവ നേരിട്ട സമ്മര്‍ദ്ദവുമാണ് സംഭവത്തിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച പശ്ചിമബംഗാളിലെ സിലിഗുരിയിലുള്ള നോര്‍ത്ത് ബംഗാള്‍ വൈല്‍ഡ് അനിമല്‍ പാര്‍ക്കിലാണ് ദാരുണമായ സംഭവമുണ്ടായത്. 

കഴിഞ്ഞ വര്‍ഷവും റിക എന്ന റോയല്‍ ബംഗാള്‍ കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.അന്നും  സുരക്ഷിത സ്ഥാനത്തേക്ക് ഇവയെ നീക്കുന്നതിനിടയിലും  കുഞ്ഞുങ്ങള്‍ക്ക് അമ്മക്കടുവയുടെ കടിയേറ്റിരുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരുമാസം പ്രായമായതിനാല്‍ ഇവയെ രക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍ ഇത്തവണ സ്ഥിതി മറിച്ചായിരുന്നു. കടുവക്കുഞ്ഞുങ്ങള്‍ ദിവസങ്ങള്‍ മാത്രം പ്രായമെത്തിയവയായിരുന്നു. ഇവയുടെ ചര്‍മം മൃദുവുമായിരുന്നു. റികയുടെ പല്ലുകള്‍ കടുവക്കുഞ്ഞുങ്ങളുടെ ശ്വാസനാളത്തില്‍ ആഴ്ന്നിറങ്ങി പരിക്കേറ്റാണ് കുഞ്ഞുങ്ങള്‍ ചത്തത്. 

കടുവകളെ കൂട്ടിലടക്കപ്പെട്ട സാഹചര്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഇടയ്ക്ക് സംഭവിക്കാറുണ്ട്. എന്നാല്‍ വനപ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നാണ് മൃഗശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂട്ടിലടയ്ക്കുമ്പോഴുണ്ടാകുന്ന സ്ഥലപരിമിതി ഇത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. എന്നാല്‍ വനപ്രദേശത്ത് മറ്റ് പരിഹാരമാര്‍ഗങ്ങളുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. 

സുരക്ഷിത സ്ഥാനത്തേക്ക് കടുവക്കുഞ്ഞുങ്ങളെ നീക്കിയില്ലെങ്കില്‍ അവയ്ക്ക് അപകടം സംഭവിച്ചേക്കാമെന്ന് റിക എന്ന അമ്മക്കടുവ ഭയപ്പെട്ടിരുന്നിരിക്കാം. ഇതാണ് സുരക്ഷിത സ്ഥാനത്തേക്ക് കുഞ്ഞുങ്ങളെ കടിച്ചെടുത്ത് നീക്കിയതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂട്ടിലടക്കപ്പെടുന്ന സാഹചര്യങ്ങളില്‍ കടുവകളുടെ സ്ഥലത്തിന് പരിമിതി നിശ്ചയിക്കുന്നത് ഇത്തരം അപകടങ്ങള്‍ നടക്കുന്നത് ഒഴിവാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്തായാലും കുഞ്ഞുങ്ങളെ നഷ്ടമായതിന്റെ വേദനയിലാണ് റിക എന്ന അമ്മക്കടുവ.
 

Content Highlights: how rika become the reason to kill three cubs born to her