മാസങ്ങളുടെ വ്യത്യാസത്തില്‍ പിന്നിട്ടത് 3,200 കിലോമീറ്റര്‍ ദൂരം; അത്ഭുതപ്പെടുത്തി സഞ്ചാരിസ്രാവ്

ലീബെത്തിനെ 2023 ഡിസംബറിൽ ടാ​ഗ് ചെയ്യാനായി പിടികൂടിയപ്പോൾ | Photo: AP
ലീബെത്തിനെ 2023 ഡിസംബറിൽ ടാ​ഗ് ചെയ്യാനായി പിടികൂടിയപ്പോൾ | Photo: AP

മേരിക്കയിലെ സൗത്ത് കരോലിനയിലെ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് യാത്ര ചെയ്തത് 3,200 ഓളം കിലോമീറ്ററെന്ന് കണ്ടെത്തല്‍. ലീബെത്ത് എന്ന് വിളിപ്പേരുളള സ്രാവാണ് ഇത്രയധികം ദൂരം യാത്ര ചെയ്തത്. ബീച്ചിലിറങ്ങുന്നവര്‍ക്ക് സ്രാവുകള്‍ സുന്ദരമായ കാഴ്ചയല്ലെങ്കിലും ഗവേഷകര്‍ പുതിയ കണ്ടെത്തലിനെ സന്തോഷത്തോടെയാണ് വരവേറ്റത്. സൗത്ത് കരോലിനയിലെ സമുദ്രപ്രദേശത്തുനിന്ന് ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേക്കാണ് (മെക്‌സിക്കന്‍ ഉള്‍ക്കടല്‍) യാത്ര ചെയതത്.

ഡിസംബറിലാണ് ലീബെത്തില്‍ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ലീബെത്ത് എത്തിയതായും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഗ്രേറ്റ് വൈറ്റ് സ്രാവുകള്‍ ഇത്രയധികം ദൂരം മുന്‍പ് യാത്ര ചെയ്തതായി തെളിവുകളില്ല. ഗള്‍ഫ് ഓഫ് മെക്‌സിക്കന്‍ സമുദ്രപ്രദേശവും ഈ സ്രാവുകള്‍ക്ക് അനുകൂലമായ ആവാസവ്യവസ്ഥയാണൊരുക്കുന്നുവെന്ന നിഗമനത്തിലാണ് ഗവേഷകര്‍. 

വിദഗ്ധരുടെ തുടര്‍നിരീക്ഷണത്തിലാണ് നിലവില്‍ ലീബെത്ത്. അറ്റ്‌ലാന്റിക് വൈറ്റ് ഷാര്‍ക്ക് കണ്‍സര്‍വന്‍സി മസാച്യുസെറ്റ്‌സ് ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ഇതുവരെ 300 ഗ്രേറ്റ് വൈറ്റ് സ്രാവുകളില്‍ ട്രാക്കിങ് ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു. ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുന്നതിനായി പിടികൂടിയതില്‍ ഏറ്റവും വലിപ്പമേറിയ സ്രാവ് കൂടിയായിരുന്നു ലീബെത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

1970-ല്‍ പുറത്തിറങ്ങിയ 'ജോസ്' എന്ന ചിത്രം ഗ്രേറ്റ് വൈറ്റ് സ്രാവുകള്‍ക്ക് വില്ലന്‍ പരിവേഷം നല്‍കിയിരുന്നു. എന്നാല്‍ സമുദ്ര സസ്തനികളായ ഇവ ഒരുക്കാലത്ത് വന്‍തോതില്‍ വേട്ടയാടപ്പെട്ടു. അമിതമായ മത്സ്യബന്ധനവും ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന സ്രാവിനമായി ഗ്രേറ്റ് വൈറ്റുകളെ പ്രഖ്യാപിക്കുന്നത് 1996-ലാണ്. ഇവയുടെ സഞ്ചാരപാതയെ പറ്റി കൂടുതല്‍ അറിയുന്നത് സംരക്ഷണപ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകര്‍.

Content Highlights: great white shark travelled over 3200 kilometers