നിറം തേച്ചുപിടിപ്പിക്കും, ചിറകടിക്കുമ്പോൾ 'ഹൂഫ്... ഹൂഫ്...'; മലമുഴക്കി വേഴാമ്പൽ ചില്ലറക്കാരനല്ല

#മനീഷ്

പെരിയാർ ടൈഗർ റിസർവിലെ 'ഗ്രീൻ വാക്ക്' (Green Walk) എന്ന ഗൈഡഡ് കാനനയാത്രയ്ക്കിടെയാണ് മലമുഴക്കി വേഴാമ്പലിനെ(Great Indian Hornbill) ബൈനോക്കുലറിലൂടെ വ്യക്തമായി കണ്ടത്. തലയ്ക്ക് മുകളിലെ കൂറ്റൻ മരച്ചില്ലകൾക്കിടയിലൂടെ, അത് പറന്നുപോയ ആ നിമിഷം! ആകാശത്തുനിന്ന് 'ഹൂഫ്... ഹൂഫ്...' ശബ്ദം! ആള് ചില്ലറക്കാരനല്ല. വലിയ മലമുഴക്കി വേഴാമ്പലിന്റെ ചിറകളവ് അഞ്ചടിയോളം വരും!

മിക്ക പക്ഷികളിലും, പറക്കുമ്പോൾ കാറ്റ് തട്ടുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കാൻ ചിറകുകളിലെ ഉപരിതല തൂവലുകൾക്ക് മുകളിൽ ചെറിയ ആവരണം ഉണ്ടാകും. എന്നാൽ വേഴാമ്പലുകളിൽ ഇവയുടെ പ്രാഥമിക തൂവലുകളുടെ (Primary feathers) അടിഭാഗത്ത് ഇത്തരത്തിലുള്ള മറവുകൾ ഇല്ല. തന്മൂലം, ഓരോ തവണ വലിയ ചിറകുകൾ വായുവിൽ വീശുമ്പോഴും വലിയ ശബ്ദമുണ്ടാകുന്നു.

മലമുഴക്കി വേഴാമ്പൽ

ജീവിതകാലം മുഴുവൻ ഒരു പങ്കാളിയോടൊപ്പം മാത്രം ജീവിക്കുന്നവരാണിവർ. വേഴാമ്പലിന്റെ പ്രജനനം പ്രകൃതിയിലെ ഏറ്റവും വിസ്മയകരമായ അധ്യായമാണ്. വലിയ മരപ്പൊത്തുകളിൽ പെൺപക്ഷി കയറിയിരുന്ന ശേഷം, തടിയുടെ അവശിഷ്ടങ്ങളും കാഷ്ഠവും ചേർത്തുള്ള പ്രത്യേക മിശ്രിതം ഉപയോഗിച്ച് കൂട്ടിന്റെ വാതിൽ പൂർണ്ണമായും അടയ്ക്കും. വായുവും ഭക്ഷണവും കൈമാറാൻ മാത്രമുള്ള ചെറിയ വിടവ് (Slit) മാത്രം ബാക്കിവെച്ച് പെൺപക്ഷി മാസങ്ങളോളം ഈ കൂട്ടിൽ കഴിയുന്നു. മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരുന്നത് വരെ മാസങ്ങളോളം ആൺപക്ഷിയാണ് ഭക്ഷണമെത്തിക്കുന്നത്. ഈ സമയത്ത് ആൺപക്ഷിക്കെന്തെങ്കിലും സംഭവിച്ചാൽ കൂടിലുള്ള പെൺപക്ഷിയും കുഞ്ഞും പട്ടിണി കിടന്ന് മരിച്ചുപോയേക്കാം!

പ്രധാന ഭക്ഷണം കാട്ടുപഴങ്ങളാണ് അപൂർവ്വമായി പല്ലികൾ, ചെറിയ പാമ്പുകൾ, മറ്റ് പക്ഷികളുടെ മുട്ടകൾ എന്നിവയും കഴിക്കും.

പഴങ്ങൾ മുഴുവനായി വിഴുങ്ങുന്ന വേഴാമ്പലുകൾ, അവയുടെ വിത്തുകൾ ഒട്ടും കേടുപാടില്ലാതെ ദൂരദേശങ്ങളിൽ കാഷ്ഠത്തിലൂടെ വിതറുന്നു. വേഴാമ്പലുകൾ കഴിക്കുന്ന പഴങ്ങളുടെ 90%-ത്തിലധികം വിത്തുകളും അമ്മമരങ്ങളിൽ (Parent tree) നിന്ന് രണ്ടു കി.മീ മുതൽ 10-13 കി.മീ വരെ ദൂരേക്ക് വിതറുന്നു! അതിനാലാണ് ശാസ്ത്രലോകം ഇവരെ 'കാടിന്റെ കർഷകർ' എന്ന് വിളിക്കുന്നത്.

ലോകമെമ്പാടുമായി ഏകദേശം 62 ഇനം വേഴാമ്പലുകളുണ്ട്. ഇന്ത്യയിൽ ഇതിൽ 9 ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ പ്രധാനമായും 4 തരം വേഴാമ്പലുകളാണുള്ളത്: 1. മലമുഴക്കി വേഴാമ്പൽ (Great Hornbill), 2. കോഴി വേഴാമ്പൽ (Malabar Grey Hornbill), 3. നാട്ടുവേഴാമ്പൽ (Indian Grey Hornbill), 4. പാണ്ടൻ വേഴാമ്പൽ (Malabar Pied Hornbill)

മലമുഴക്കി വേഴാമ്പൽ

വേഴാമ്പലുകളുടെ വാൽഭാഗത്തെ 'യൂറോപീജിയൽ ഗ്ലാൻഡ്' പുറപ്പെടുവിക്കുന്ന എണ്ണയ്ക്ക് ഇവയുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. പ്രജനനകാലത്ത് ഈ എണ്ണയിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് (Carotenoid) വർണ്ണവസ്തുക്കൾ കൊക്കുകൊണ്ട് തൂവലുകളിലും അലകുകളിലും (Casque) തേച്ചുപിടിപ്പിച്ചാണ് മലമുഴക്കി വേഴാമ്പലുകൾ അവയുടെ ആകർഷകമായ മഞ്ഞയും ഓറഞ്ചും നിറം വരിക്കുന്നത്. ഈ എണ്ണ തൂവലുകളെ ബാക്ടീരിയ, ഫംഗസ് എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

മണത്തറിയാനുള്ള കഴിവേക്കാൾ കാഴ്ചയും ശബ്ദവുമാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. പ്രജനനകാലത്ത് പെൺപക്ഷി മരപ്പൊത്തിനുള്ളിൽ കൂട് അടച്ചിരിക്കുമ്പോൾ, ആൺപക്ഷി കൂട് കണ്ടെത്തുന്നത് പെൺപക്ഷിയുടെ ശബ്ദ സിഗ്‌നലുകളിലൂടെയും ഓർമ്മശക്തി വഴിയുമാണ്.

( നാച്ചുറലിസ്റ്റാണ് ലേഖകൻ)

Content Highlights: Great Indian Hornbill has a wingspan of about 5 feet, creating a distinct 'hoof hoof' sound while flying., They are monogamous and exhibit a unique nesting behavior where the female is sealed inside a tree cavity., Known as 'Farmers of the forest' due to their crucial role in seed dispersal across long distances., Four main species of hornbills are found in the Western Ghats region of India.