പുതിയ അതിഥികളെ സ്വാഗതംചെയ്ത് കുനോ; അഞ്ച് ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മംനൽകി 'നീർവ'

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ഷിയോപ്പുര്‍: വീണ്ടും ചീറ്റക്കുഞ്ഞുങ്ങളെ വരവേറ്റ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം. അഞ്ചുവയസ്സുകാരിയായ 'നീര്‍വ' എന്ന പെണ്‍ചീറ്റയാണ് അഞ്ചുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകളുടെ എണ്ണം വര്‍ധിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. ചീറ്റക്കുഞ്ഞുങ്ങളുടെ വീഡിയോയും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 

"കുനോയിലേക്ക് പുതിയ അതിഥികള്‍ക്ക് സ്വാഗതം... കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത് സന്തോഷം പകരുന്ന കാര്യമാണ്", എക്‌സില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് കുറിച്ചു. വന്യജീവി സംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ അനുകൂലമായ സാഹചര്യമൊരുങ്ങിയെന്നും മോഹന്‍ യാദവ് ചൂണ്ടിക്കാട്ടി.

കുനോ ദേശീയോദ്യാനത്തിലെ ജീവനക്കാര്‍ക്കും ചീറ്റസംരക്ഷണ പദ്ധതിക്ക് കീഴിലുള്ള വന്യജീവി വിദഗ്ധര്‍ക്കുമുള്ള നന്ദിയും അഭിനന്ദനങ്ങളും അദ്ദേഹം രേഖപ്പെടുത്തി. രാജ്യത്ത് ഏറ്റവുമധികം കടുവകളുള്ള സംസ്ഥാനങ്ങളിലൊന്നുകൂടിയാണ് മധ്യപ്രദേശ്. അത്തരത്തിലൊരു സംസ്ഥാനം ഇപ്പോള്‍ ചീറ്റകളുടേത് കൂടിയായി മാറിക്കഴിഞ്ഞുവെന്നും മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കുനോ ദേശീയോദ്യാനത്തിലെ രണ്ട് ചീറ്റകളെ ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശില്‍ തന്നെയുള്ള ഗാന്ധി സാഗര്‍ വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയിലേക്ക് മാറ്റിയിരുന്നു. ചീറ്റകളുള്ള ഭൂപ്രദേശത്തിന്റെ വിസ്തൃതി കൂട്ടുക എന്ന ലക്ഷ്യംകൂടി ഇതിന് പിന്നിലുണ്ട്. 

നീര്‍വയുടെ പ്രസവത്തോടുകൂടി കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളുടെ ആകെ എണ്ണം 29 ആയി ഉയര്‍ന്നു. 19 ചീറ്റക്കുഞ്ഞുങ്ങളാണ് കുനോ ദേശീയോദ്യാനത്തിലുണ്ടായത്. അതേസമയം, മധ്യപ്രദേശില്‍ ആകെയുള്ള ചീറ്റകളുടെ എണ്ണം 31 ആണ്. ഇതില്‍ രണ്ടെണ്ണമുള്ളത് ഗാന്ധി സാഗര്‍ വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയിലാണ്.

Content Highlights: cheetah nirva gives birth to five new cubs in kuno national park