സ്വര അമ്മയായി; വന്‍താരയില്‍ അഞ്ച് ചീറ്റക്കുഞ്ഞുങ്ങള്‍ ജനിച്ചു

ജാംനഗര്‍: ആനന്ദ് അംബാനിയുടെ മൃഗ പുനരധിവാസ കേന്ദ്രമായ വന്‍താരയില്‍ അഞ്ച് ചീറ്റക്കുഞ്ഞുങ്ങള്‍ ജനിച്ചു. സ്വര എന്ന പെണ്‍ചീറ്റയാണ് അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഗുജറാത്തിലെ ജാംനഗറിലുള്ള വന്‍താരയുടെ കേന്ദ്രത്തിലാണ് സംഭവം. വന്‍താരയുടെ ചീറ്റ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്.
അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് വന്‍താരയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. അമ്മയെയും കുഞ്ഞുങ്ങളെയും നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്ത് ചീറ്റകളെ പുനരവതരിപ്പിച്ച പ്രൊജ്ക്ട് ചീറ്റയെന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതാണ് വന്‍താരയുടെ ചീറ്റ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
ചീറ്റക്കുഞ്ഞുങ്ങള്‍ ഇന്ത്യയുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷണത്തിന് വിധേയമാക്കും. ചീറ്റക്കുഞ്ഞുങ്ങളെ പിന്നീട് വനപ്രദേശത്ത് തുറന്നുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിന് മുന്നോടിയായി ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് വേട്ടയാടല്‍ പരിശീലനം നല്‍കും. മനുഷ്യരുടെ സഹായമില്ലാതെ ഭക്ഷണം കണ്ടെത്താന്‍ വേണ്ടിയാണിത്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ സര്‍വസാധാരണമായിരുന്ന ചീറ്റകള്‍ ഇന്ന് എണ്ണത്തില്‍ വളരെ കുറവാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) റെഡ് ലിസ്റ്റ് പ്രകാരം ഗുരുതര വംശനാശഭീഷണി നേരിടുന്നവയാണ് ചീറ്റകള്‍.
7,000 ചീറ്റകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ഇതില്‍ ഏറിയ പങ്കും ആഫ്രിക്കയിലാണുള്ളത്. 1952-ലാണ് ഇന്ത്യയില്‍ ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.
Content Highlights: cheetah gives birth to five cubs in vantara