ഡെബ്രിഗഢ് വന്യജീവി സങ്കേതത്തില്‍ ഇന്ത്യന്‍ ബൈസണുകളുടെ എണ്ണം 788 ആയി ഉയര്‍ന്നു

ഇന്ത്യന്‍ ബൈസണ്‍ | ഫോട്ടോ: മാതൃഭൂമി
ഇന്ത്യന്‍ ബൈസണ്‍ | ഫോട്ടോ: മാതൃഭൂമി

സാംബല്‍പുര്‍ (ഒഡിഷ): ഒഡിഷയിലെ ഡെബ്രിഗഢ് വന്യജീവി സങ്കേതത്തില്‍ ഇന്ത്യന്‍ ബൈസണുകളുടെ എണ്ണം 788 ആയി ഉയര്‍ന്നതായി സെന്‍സസ് റിപ്പോര്‍ട്ട്. ഹിരാകുണ്ഡ് വന്യജീവി ഡിവിഷന്‍ മേയ് 11 മുതല്‍ 13 വരെ നടത്തിയ സെന്‍സസിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. 

ആറുമാസങ്ങള്‍ക്ക് മുന്‍പ് ഡെബ്രിഗഢ് വന്യജീവി സങ്കേതത്തിലെ ഇന്ത്യന്‍ ബൈസണുകളുടെ എണ്ണം 659 ആയിരുന്നു. ആറുമാസങ്ങള്‍ക്കിടെ എണ്ണം 129 ആയി വര്‍ധിച്ചു. 788 ഇന്ത്യന്‍ ബൈസണുകളില്‍ രണ്ടുവയസ്സില്‍ താഴെയുള്ളവയുടെ എണ്ണം 315 ആണ്. ആകെ ഇന്ത്യന്‍ ബൈസണുകളുടെ 40 ശതമാനം വരുമിത്. മൂന്ന് മാസത്തില്‍ താഴെ പ്രായം വരുന്നവയുടെ എണ്ണം 128 ആണ്. 

ഡെബ്രിഗഢ് വന്യജീവി സങ്കേതത്തില്‍ ആദ്യമായി ഇന്ത്യന്‍ ബൈസണുകളുടെ സെൻസസ് നടന്നത് 2024 നവംബര്‍ 12, 13 തീയതികളിലാണ്. ഇതിലാണ് 659 ഇന്ത്യന്‍ ബൈസണുകളെ രേഖപ്പെടുത്തിയത്. ഡെബ്രിഗഢ് വന്യജീവി സങ്കേതം ഇന്ത്യന്‍ ബൈസണുകള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിന്റെ ശുഭസൂചനയിലേക്കാണ് പുതിയ സെന്‍സസ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

വംശനാശത്തിന് വിധേയമാകാന്‍ സാധ്യതയുളള വന്യജീവികളുടെ പട്ടികയിലാണ് ഇന്ത്യന്‍ ബൈസണുകളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് ഇവ ഉള്‍പ്പെടുക.

Content Highlights: bison population in odishas debrigarh sanctuary rises to 788