ചുവന്ന കുറുക്കന്മാരില്‍ വീണ്ടും പക്ഷിപ്പനി ബാധ; ഇത്തവണ മിഷിഗനില്‍

ചുവന്ന കുറുക്കന്മാരില്‍ (red fox) വീണ്ടും പക്ഷിപ്പനി ബാധ . ബുധനാഴ്ച മിഷിഗനിലെ മൂന്ന് ചുവന്ന കുറുക്കന്‍ കുഞ്ഞുങ്ങളുടെ മരണം പക്ഷിപ്പനി മൂലമാണെന്ന് മിഷിഗന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്‌സ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഏപ്രില്‍ 1 മുതല്‍ 14 വരെയുള്ള കാലയളവില്‍ മക്കോമ്പ്, ലപീര്‍, സെന്റ്.ക്ലെയര്‍ പ്രദേശങ്ങളില്‍ നിന്നുമാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ബുധനാഴ്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്കന്‍ സംസ്ഥാനമായ മിഷിഗനില്‍ ആദ്യമായാണ് പക്ഷിപ്പനി മൂലം വന്യജീവി സസ്തനി മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മരണപ്പെടുന്നതിന് മുമ്പ് ഇവ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ നിലനിന്നിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. മക്കോമ്പ് പ്രദേശത്ത് കണ്ടെത്തിയ കുറുക്കന്റെ കൂടപ്പിറപ്പിനെയും ഒപ്പം കണ്ടെത്തിയിരുന്നു. ഇത് പക്ഷിപ്പനി ബാധയെ അതിജീവിച്ചുവെങ്കിലും കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു.
കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നതിനാല്‍ അതിനെ ഒരു പ്രാദേശിക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പക്ഷിപ്പനിയ്ക്കായുള്ള സാംപിള്‍ ശേഖരണം ഡിഎന്‍ആര്‍ വൈല്‍ഡ് ലൈഫ് ഡിസീസ് ലാബിന്റെ നേതൃത്വത്തിലാണ് നടത്തിയത്. ശേഷം സാംപിള്‍ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വെറ്റിനറി ഡയഗ്നോസ്റ്റിക്‌സ് ലബോറട്ടറിയ്ക്ക് കൈമാറി.
വടക്കന്‍ അമേരിക്കയില്‍ വന്യ സസ്തനികളിലാദ്യമായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കാനഡയിലാണ്.
ആദ്യ ഫല സൂചനകളില്‍ പോസീറ്റിവാണോ, നെഗറ്റീവാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നു. മേയ് 6-നാണിത്. ശേഷം മേയ് 11-ന് നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലാബിലാണ് ഫലം പോസീറ്റിവെന്ന് സ്ഥിരീകരിച്ചത്. മൂക്ക്, നാക്ക് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കുറുക്കന്മാരില്‍ പക്ഷിപ്പനി പോലെയുളള മാരക വൈറസ് ബാധ എങ്ങനെയാണെന്ന് പഠിക്കുന്നതിന് വേണ്ടി വിശദമായ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.
മിഷിഗനില്‍ 69 പക്ഷികളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിവേഗത്തില്‍ പടരുന്ന പക്ഷിപ്പനിയെ തുടര്‍ന്ന് മൃഗശാലകളില്‍ പക്ഷികളെ പ്രദര്‍ശിപ്പിക്കുന്നത് താത്കാലികമായി അവസാനിപ്പിക്കണമെന്ന് മിഷിഗന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് മാര്‍ഗനിര്‍ദേശം മേയ് 10-ന് പുറത്തിറക്കിയിരുന്നു. ചുവന്ന കുറുക്കന്മാരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ പക്ഷിപ്പനി ബാധയല്ല ഇത്. നെതര്‍ലന്‍ഡ്‌സില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights: bird flu again confirmed in red fox