ഇണചേരാതെ കുഞ്ഞിന് ജന്മം നല്‍കി പെണ്‍സ്രാവ്

ഇണചേരാതെ കുഞ്ഞിന് ജന്മം നല്‍കി വാര്‍ത്തകളില്‍ ഇടം നേടുകയാണ് ബ്രൂക്ക്ഫീല്‍ഡ് മൃഗശാലയിലെ എപുലെറ്റ് സ്രാവ്. ഇണചേരാതെ തന്നെ തലമുറകളെ ഉണ്ടാക്കാൻ കഴിയുന്ന അനിഷേത ജനനം (പാർത്തനോജെനിസിസ് - parthenogenesis) എന്ന പ്രതിഭാസമാണ് ഇതിന് പിന്നില്‍. പ്രാണികളിലും ഉരഗങ്ങളിലും പാര്‍ത്തനോജെനിസിസ് പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019 മുതല്‍ മൃഗശാലയിലെ അംഗമാണ് ഈ എപുലെറ്റ് സ്രാവ്. നാല് വര്‍ഷത്തോളമായി ആണ്‍സ്രാവിന്റെ സാമീപ്യമില്ലാതെയാണ് പെണ്‍സ്രാവ് കഴിയുന്നത്.
രണ്ടുമാസം പ്രായമുണ്ട് കുഞ്ഞന്‍ സ്രാവിന്. നിലവില്‍ ആരോഗ്യപരമായി യാതൊരുവിധ പ്രശ്‌നങ്ങളും അലട്ടുന്നില്ലെന്ന് മൃഗശാലയിലെ ജീവനക്കാര്‍ പറയുന്നു.
മൃഗശാലകളിലും മറ്റും ഇണചേരാതെ തന്നെ എപുലെറ്റ് സ്രാവുകള്‍ കുഞ്ഞിന് ജന്മം നല്‍കുന്ന ആദ്യത്തെ സംഭവമല്ല ഇത്. ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തിലാണ് ഇതിന് മുമ്പ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബ്രാസ്‌കയിലെ ഹെന്റി ഡൂര്‍ലി മൃഗശാലയില്‍ ആണ്‍സ്രാവിന്റെ അഭാവത്തില്‍ ഒരു പെണ്‍ ബോണറ്റ്‌ഹെഡ് സ്രാവ് കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ജനിച്ച് മണിക്കൂറുകള്‍ക്കുളളില്‍ മറ്റ് മീനുകളുടെ ആക്രമണത്തില്‍ ഇത് കൊല്ലപ്പെട്ടു.
എപുലെറ്റ് സ്രാവുകള്‍
ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ എപുലെറ്റ് സ്രാവുകളെ ധാരാളമായി കാണാന്‍ കഴിയും. ചെറുമത്സ്യങ്ങള്‍ പോലുള്ളവ പ്രധാന ആഹാരമാണ്. രാത്രികാലങ്ങളിലാകും പ്രധാനമായും ഇക്കൂട്ടര്‍ സജീവമാകുക. വേട്ടക്കാരില്‍ നിന്നും പവിഴപ്പുറ്റുകളിലാണ് ഇവ അഭയം തേടുക. വാക്കിങ് ഷാര്‍ക്കുകളെന്നും ഇവയ്ക്ക് പേരുണ്ട്. ഓസ്‌ട്രേലിയയില്‍ അക്വേറിയം വിപണിക്കായി ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് എപുലെറ്റ് സ്രാവുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. മലിനീകരണം, അമിതമായ മത്സ്യബന്ധനം, ആവാസവ്യവസ്ഥാ നാശം മുതലായവ മറ്റ് ഭീഷണികളാണ്. ഐയുസിഎന്‍ പട്ടിക പ്രകാരം ലീസ്റ്റ് കണ്‍സേണിലാണ് എപുലെറ്റ് സ്രാവുകള്‍ ഉള്‍പ്പെടുക.
Content Highlights: After four years in the absence of the male shark, the female shark finally gave birth