അടയിരിക്കും ആൺപക്ഷി;ശ്രീലങ്കൻ ഫ്രോഗ് മൗത്ത് അഥവാ മാക്കാച്ചിക്കാട,തട്ടേക്കാടിനെ പ്രശസ്തമാക്കിയ കുഞ്ഞൻ

#സുധീഷ് തട്ടേക്കാട്

ശ്രീലങ്കൻ ഫ്രോഗ് മൗത്ത് എന്നുപറഞ്ഞാൽ പലർക്കും അറിയണമെന്നില്ല. എന്നാൽ മാക്കാച്ചിക്കാട, തവളക്കിറിയൻ എന്നൊക്കെ പറഞ്ഞാൽ അറിയാമായിരിക്കും. ചുണ്ടുകളുടെ ആകൃതിയാണ് ഇവയ്ക്കീ പേര് വരാൻ കാരണം. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പ്രശസ്തി ലോകം മുഴുവൻ വ്യാപിപ്പിച്ചതിലെ പ്രധാനി. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും ഇവ ധാരാളമായി ഉണ്ട്്. കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്. കരിയിലകൾക്കിടയിൽ മറ്റൊരു കരിയിലപോലെയാണ് മാക്കാച്ചിക്കാട. ആഞ്ഞിലി, പന, ഇടന, ചൂരൽ എന്നിവയുടെ ചുവട്ടിലെ കുറ്റിക്കാടുകളിലാണ് ഇവരെ സാധാരണ കണ്ടുവരുന്നത്.

നിലത്തു നിന്ന് ഒരുമീറ്റർ മുതൽ മൂന്നുമീറ്റർ വരെ ഉയരത്തിൽ ഇവർ പകൽ സമയങ്ങളിൽ വിശ്രമിക്കും. ഫ്രോഗ് മൗത്തിരിക്കുന്ന ചില്ലയ്ക്ക് പ്രത്യകതയുണ്ട്. ചില്ലയ്ക്ക് ചുറ്റും കുതിരവാലിലെ രോമങ്ങൾ പോലെന്തോ തൂങ്ങി കിടക്കുന്നതായി കാണാം ഈ നൂലിൽ ഉണങ്ങിയ ഇലകൾ താഴെ വീഴാതെ തൂങ്ങി കിടക്കുന്നുണ്ടാകും. ഈ ഉണങ്ങിയ ഇലകളാണ് മാക്കാച്ചിക്കാടയെ മറഞ്ഞിരിക്കാൻ സഹായിക്കുന്നത്. സുരക്ഷിതമായിടത്ത് സ്ഥിരമായി ഒരു മരത്തിൽ തന്നെയാണ് ചേക്കേറുന്നത്. ആറ് വർഷത്തോളം ഒരു മരത്തിൽ തന്നെ കണ്ടിട്ടുണ്ട്.

സാധാരണ പകൽ സമയങ്ങളിൽ ആണും പെണ്ണും ഒരുമിച്ചിരിക്കും. പ്രജനനകാലത്ത് പെൺപക്ഷി ഒറ്റക്കിരിക്കും. കുഞ്ഞ് വിരിഞ്ഞാൽ ഏതാനും ആഴ്ച്ചകൾ ഇവർ മൂന്നു പേരും ഒരുമിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. നിലത്ത്‌നിന്നും ഏകദേശം ആറുമീറ്റർ പൊക്കമുള്ള വളവുകളില്ലാത്ത കമ്പുകളിലോ വള്ളികളിലോ കൂട് നിർമ്മിക്കും .കൂടിന്റെ എൺപതുശതമാനവും കട്ടികുറഞ്ഞ തൂവലും മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന സൂഷ്മ സസ്യവുമായിരിക്കും. ഇവയുടെ രൂപം ചെറിയ മൺചിരാതിന്റെയാണ്. 

സുധീഷ് തട്ടേക്കാട്

മുട്ടയിട്ടു കഴിഞ്ഞാൽ പകൽ അടയിരിക്കുന്നത് ആൺ പക്ഷിയാണ്. രാത്രി പെൺപക്ഷി അടയിരിക്കുമ്പോൾ ആൺപക്ഷി ഇരതേടാനിറങ്ങും. മരത്തിന്റെ തൊലിയോടുചേർന്ന ചാരനിറം ആൺകിളിക്കുണ്ട. അതിനാലാകണം, പകൽ ആരുടെയും കണ്ണിൽപ്പെടാതെയിരിക്കാൻ ആൺപക്ഷി അടയിരിക്കുന്നത്. പെൺകിളിക്ക് ആൺകിളിയേക്കാൾ ചെങ്കൽ നിറം കൂടുതലാണ്. അണ്ണാൻ, കുരങ്ങ് ആന എന്നിവ ഇവരുടെ കൂടിന് ഭീഷണിയാണ. ശക്തമായി മരക്കമ്പനങ്ങിയാൽ കൂട് താഴെ വീഴാൻ സാധ്യതയുള്ളതിനാൽ ഇവർ മനുഷ്യസാനിധ്യമുള്ള വഴികൾക്ക് മുകളിൽ ചാഞ്ഞ് നിൽക്കുന്ന മരങ്ങളിലാണ് കൂട് നിർമ്മിയ്ക്കുന്നത്. മുട്ടയ്ക്ക് അടയിരിക്കുന്ന ആൺപക്ഷി നിശ്ചിത സമയങ്ങൾ ഇടവിട്ട് ഒന്ന് ചുറ്റിയിരിക്കുന്നത് കാണാം ഇത് മുട്ടയുടെ എല്ലാ വശങ്ങൾക്കും ചൂട് നൽകാനാണ്. വർഷത്തിൽ ഒരു മുട്ട മാത്രമേ ഇടൂ. 

ശ്രീലങ്കൻ ഫ്രോഗ് മൗത്ത് പെൺപക്ഷി

കാട്ടിൽ ഇരുട്ടുവീഴുന്ന സമയത്ത് ഇരിക്കുന്ന കൊമ്പിലിരുന്ന് ആൺകിളി ശബ്ദമുണ്ടാക്കാൻ തുടങ്ങും. ശേഷം തോളും വാലും ഒരുപോലെ ചലിപ്പിച്ച് ആൺപക്ഷി ഇരുന്ന കമ്പിൽ തന്നെ പതിനഞ്ച് സെന്റീമീറ്റർ മാറിയിരിക്കും. എന്നിട്ട് വീണ്ടും ശബ്ദമുണ്ടാക്കും. ആ ശബ്ദം നിലച്ചതിനു ശേഷം പെൺപക്ഷിയും ആടിയും നിരങ്ങിയും വന്ന് ആൺപക്ഷിയോട് ചേർന്നിരിക്കും. പിന്നീട് ആൺപക്ഷി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി എകദേശം പത്ത് മീറ്റർ അകലെയുള്ള ചെടിയിൽ പോയിരിക്കും. അവിടെയിരുന്ന് ശബ്ദമുണ്ടാക്കുമ്പോൾ പെൺകിളിയും അരികിൽ വന്നിരിക്കും. പിന്നീട് അവിടെ നിന്ന് ഇരതേടി പറക്കും. ഉയർന്നും താഴ്ന്നും ഒരേതാളത്തിൽ പറക്കുന്നത് കാണാൻ മനോഹരമാണ്. ഇവർ പറക്കുന്നതിനിടയിലാണ് ഇരപിടിക്കുന്നത്. ചെറുപ്രാണികളിൽ മിന്നാമിനുങ്ങുകളോടാണ് കൂടുതൽ ഇഷ്ടം എന്ന് തോന്നിയിട്ടുണ്ട്. മഴയുള്ള സമയത്ത് ഇവയെ നിരിക്ഷിച്ചിരിക്കാൻ രസമാണ്. അങ്ങനെ വളരെ കാലത്തെ നിരിക്ഷിച്ചിട്ടുണ്ട്. ഇവ കാര്യമായി മഴ നനയാറേ ഇല്ല. മഴ പെയ്‌തൊഴിയുമ്പോൾ രണ്ടോ മൂന്നോ തുള്ളി വെളളം മാത്രമാണ് വാലിലൂടെ ഒഴുകിയിറങ്ങുന്നത് കണ്ടിട്ടുള്ളത്.

(സുധീഷ് തട്ടേക്കാട്- സിനിയർ നാച്ചുറലിസ്റ്റ്, വൈൽഡ്ലൈഫ്/ഹെർപ്പിംഗ് ഗൈഡ് & ടൂർ ലീഡർ. 28 വർഷമായി ദക്ഷിണേന്ത്യയിലെ കാടുകളിലും വന്യജീവി സങ്കേതങ്ങളിലും നാച്ചുറലിസ്റ്റായും ഗൈഡായും പ്രവർത്തിക്കുന്നു)

Content Highlights: Masters of camouflage resembling dry leaves., Unique nesting behavior: Males incubate during the day, females at night., Typically lay only one egg per year., Highly specialized hunting technique, preferring small insects and fireflies., Strategic nest placement to avoid predators like monkeys and squirrels.