തൊട്ടുമുന്നിൽ അതാ ആ ശാന്തഗംഭീരൻ! പറമ്പിക്കുളത്ത് കടുവയെ കാമറയിലാക്കിയ അനുഭവം

#ഷാജി മതിലകം

പറമ്പിക്കുളത്തെ നിബിഢ വനത്തിനുള്ളിൽ കടുവയെ നേർക്കുനേർ കാണുക, അവന്റെ കണ്ണുകളിലെ വന്യത ക്യാമറയിലാക്കുക-വർഷങ്ങളായി കൊണ്ടുനടന്ന സ്വപ്നമായിരുന്നു. അങ്ങനെ ആ സ്വപ്‌നവുമായി ഒടുവിൽ, പുലരിയുടെ തണുപ്പിൽ അങ്ങോട്ട് ബൈക്കിൽ യാത്ര തുടങ്ങി. അതിരാവിലെ ആറുമണിയോടെ ആനമലയുടെ അതിർത്തി തൊട്ടു. പറമ്പിക്കുളത്തിന്റെ ഉള്ളിലേക്ക് ബൈക്കുകൾക്ക് പ്രവേശനമില്ല. അതിനാൽ പൊള്ളാച്ചിയിൽ നിന്നുവരുന്ന വനംവകുപ്പിന്റെ ബസ്സിലേക്ക് മാറികയറി. യന്ത്രങ്ങളുടെ ഇരമ്പലുകളിൽ നിന്ന് കാടിന്റെ വന്യമായ നിശബ്ദതയിലേക്കുള്ള യാത്ര.

കാട്ടിലെ രണ്ടാം നാൾ. സൂര്യൻ മരച്ചില്ലകൾക്കിടയിലൂടെ വെളിച്ചത്തിന്റെ നൂലുകൾ നെയ്യാൻ ഒരുങ്ങുന്നു. ഞാനും വാച്ചർ ശ്രീകുമാറും കടുവയുടെ വഴികൾ തേടിയിറങ്ങി. കാട് അപ്പോൾ തികച്ചും നിശ്ശബ്ദമായിരുന്നു. സൂചി വീണാലറിയാവുന്ന അത്രയും. ഓരോ അടിവെക്കുമ്പോൾ കരിയിലകൾ ഞെരിയുന്ന ശബ്ദം പോലും ഞങ്ങൾ ഭയന്നു. എട്ടു മൈലോളം ദൂരം ആ കാട്ടുപാതയിലൂടെ ഞങ്ങൾ നടന്നു . ആനക്കൂട്ടങ്ങൾ താണ്ടിയ വഴികൾ, കാട്ടുപോത്തുകൾ നിലയുറപ്പിച്ച ചതുപ്പുകൾ... കാറ്റിലുണ്ടാകുന്ന ചെറിയ ഇലയനക്കം പോലും ഞങ്ങളുടെ ശ്രദ്ധ തിരിച്ചു.

ഒടുവിൽ തോടിന്റെ കരയിലെത്തി. ഷൂ ഊരി കയ്യിലെടുത്ത്, മുട്ടൊപ്പം ചെളിവെള്ളത്തിലൂടെ നിശ്ശബ്ദമായി ഞങ്ങൾ മുന്നോട്ടു നീങ്ങി. തോടിന്റെ തീരത്തെ നനഞ്ഞ മണ്ണിലേക്ക് കണ്ണുചെന്നതും രോമാഞ്ചം കൊണ്ടു- കടുവയുടെ തികച്ചും പുതിയ കാൽപ്പാടുകൾ! ആ കാട്ടിൽ അവൻ നമുക്ക് തൊട്ടടുത്തെവിടെയോ ഉണ്ട് ! ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടി. കന്നിമാരാപ്പുഴയുടെ തീരത്തുകൂടെ നാലു മണിക്കൂറോളമായി തിരച്ചിൽ തുടരുന്നു. ഒടുവിൽ ഒരിടത്തെത്തി ആ തിരച്ചിൽ നിന്നു. മുന്നിൽ നടന്ന വാച്ചർ ശ്രീകുമാർ പെട്ടെന്ന് മരവിച്ചു നിന്നു! അദ്ദേഹം തിരിഞ്ഞുനോക്കി, ചുണ്ടിൽ വിരൽവെച്ച് അനങ്ങരുതെന്ന് ആംഗ്യം കാണിച്ചു. ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി! പാറയിടുക്കിലേക്ക് കണ്ണുനട്ട ഞാൻ കണ്ട കാഴ്ച ജന്മത്തിലൊരിക്കലും മറക്കില്ല. കുറച്ചു മാറി, പുഴയോരത്ത് കടുവ മയങ്ങുന്നു!

Tiger

അവന്റെ പാതി ശരീരം തണുത്ത വെള്ളത്തിലും ബാക്കിഭാഗം പാറയിലുമുണ്ട്. പിഞ്ചുകുഞ്ഞ് തലയിണയിൽ തലവെച്ചുറങ്ങുന്നതുപോലെ ശാന്തം. മുൻകാലുകൾ രണ്ടും തലയ്ക്കടിയിൽ വെച്ച് സ്വയം മറന്ന കിടപ്പ്! അവന്റെ സർവ്വ ഗാംഭീര്യവും മാറ്റിവെച്ച്, ആ ഉച്ചമയക്കത്തിന്റെ സ്വസ്ഥതയിൽ അലിഞ്ഞുകിടക്കുന്നു. ഇത്രയും സൗമ്യനായ കടുവയെ ഞാൻ ജീവിതത്തിൽ മറ്റൊരിടത്തും കണ്ടിട്ടേയില്ല.  

tiger

ശ്വാസമടക്കിപ്പിടിച്ച് ഞാൻ ക്യാമറ കണ്ണോടു ചേർത്തു. ലെൻസിന്റെ ഷട്ടർ ക്ലിക്ക് ചെയ്യുന്ന ആ ചെറിയ ശബ്ദം പോലും ആ ശാന്തതയെ ഉലയ്ക്കുമോ എന്ന് ഭയന്നു. ക്യാമറയുടെ ഫ്രെയിമിലേക്ക് അവന്റെ ഓരോ ചലനവും ആവാഹിച്ചു. ഇതിനിടയിൽ അവനൊന്ന് കണ്ണുതുറന്നു, ഞങ്ങളെ വെറുതെയൊന്ന് നോക്കി. ഭയക്കേണ്ട ശത്രുക്കളല്ല മുന്നിലെന്ന് ഉറപ്പുവരുത്തിയതുപോലെ, അവന്റെ കണ്ണുകൾ വീണ്ടുമടഞ്ഞു. ഒരു മണിക്കൂറോളം... ഞങ്ങളും ആ ഗംഭീരനും ആ കാട്ടിലങ്ങനെ ഒന്നിച്ച്. ഒടുവിൽ വാച്ചർ ചെറുതായൊന്ന് തൊണ്ടയനക്കിയപ്പോൾ അവൻ പതുക്കെ എഴുന്നേറ്റു.

tiger

തിളങ്ങുന്ന ആ വലിയ കണ്ണുകൾ വിടർന്നുവന്നു. ഞങ്ങളെ ഒന്നു സൂക്ഷിച്ചു നോക്കി. ആ ദൃഷ്ടി പതിഞ്ഞ നിമിഷം എന്റെ ഉള്ളിൽ എക്കാലത്തേക്കുമായി പതിഞ്ഞു. പിന്നീട് ബഹളമില്ലാതെ, ശാന്തമായി കാടിന്റെ നിഗൂഢമായ പച്ചപ്പിലേക്ക് മറഞ്ഞുപോയി.

shaji mathilakam

Content Highlights: Detailed account of tracking tigers in Parambikulam forest., First-hand experience of wildlife photography in natural habitats., Insights into forest department guided trekking procedures., Ethical wildlife observation and respectful nature photography.