ദുബായുടെ വലിപ്പമുള്ള ഹിമശില സഞ്ചാരം തുടങ്ങി, ഭീഷണി നേരിട്ട് ജൈവ ലോകം

എ23എ ഐസ്ബര്‍ഗ് | Photo: Copernicus Sentinel-3
എ23എ ഐസ്ബര്‍ഗ് | Photo: Copernicus Sentinel-3

30-ലധികം വർഷത്തോളം വെഡ്ഡൽ സമുദ്രത്തിന്റെ ഭാഗമായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഹിമശിലകളിലൊന്നായ A23a സ്ഥാനം മാറുന്നതായി സൂചന. 2020-ൽ ആദ്യമായി ഈ ​ഹിമശില സഞ്ചരിക്കുന്നതായി രേഖപ്പെടുത്തിയെങ്കിലും ഇപ്പോൾ സഞ്ചാരത്തിന്റെ വേഗതകൂടിയെന്നാണ് കണ്ടെത്തൽ. ഹിമാനികളില്‍ നിന്ന് വേര്‍പ്പെടുന്ന വലിയ മഞ്ഞുപാളികളാണ് ഹിമശിലയെന്നറിയപ്പെടുന്നത്. ഈ പ്രക്രിയ ഐസ് കാല്‍വിങ് എന്ന പേരിലും അറിയപ്പെടുന്നു. 

അന്റാര്‍ട്ടിക്കയിലെ ഫില്‍ച്ചനര്‍ ഭീമൻ മഞ്ഞുതിട്ടയുടെ (Filchner Ice Shelf) ഭാഗമായിരുന്ന A23a 1986-ലാണ് അവിടെ നിന്ന് വേർപ്പെടുന്നത്. ഗ്രേറ്റര്‍ ലണ്ടന്റെ ഇരട്ടിയിലധികം വലിപ്പം (4,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം) വരുന്ന ഹിമശില കൂടിയാണിത്. ഒരു സ്ഥലത്ത് തന്നെ നിലയുറപ്പിക്കാനുള്ള അളവില്‍ മഞ്ഞിന്റെ സാന്നിധ്യം ഇല്ലാത്തതാകും ഹിമശില സഞ്ചരിക്കാനുള്ള കാരണമെന്നാണ് ​ഗവേഷകരുടെ നിഗമനം. ഹിമശില ആദ്യമായി സഞ്ചരിക്കുന്നുവെന്ന് കണ്ടെത്തിയ 2020-ന് ശേഷം  അടുത്ത ഏതാനും നാളുകൾക്കുള്ളിൽ ഈ ഹിമശില അന്റാര്‍ട്ടിക് പെനിന്‍സുലയുടെ വടക്കന്‍ മേഖലയിലുമെത്തി. 

മറ്റ് പ്രദേശങ്ങളിൽ നിന്ന്  വേർപ്പെട്ട്  വെഡ്ഡൽ സമുദ്രത്തിലെത്തുന്ന ഹിമശിലകൾ പിന്നീട് ഐസ്ബര്‍ഗ് അല്ലിയിലെത്തുകയാണ് (iceberg alley) പതിവ്. A23a-യും ഇത്തരത്തിൽ ഐസ്ബര്‍ഗ് അല്ലിയുടെ ഭാ​ഗമാകുമെന്നാണ് ​ഗവേഷകർ പറയുന്നത്. 

വന്യജീവികൾ ബാധിക്കപ്പെടും

സൗത്ത് ജോര്‍ജിയയിലേക്ക് ഹിമശില പ്രവേശിച്ചാല്‍ സീല്‍, പെന്‍ഗ്വിന്‍, മറ്റ് കടല്‍പ്പക്ഷികള്‍ തുടങ്ങിയവയ്ക്ക് അത് ഭീഷണിയാകുമെന്നാണ് സൂചന. ഇത്തരം ജീവജാലങ്ങളുടെ ദൈനംദിന ജീവിതത്തെ തന്നെ ഹിമശിലയുടെ വരവ് ബാധിച്ചേക്കാം. അതേസമയം സമുദ്ര ഭക്ഷ്യ ശൃംഖലയ്ക്ക് കാതലായ സംഭാവനകൾ ഇത്തരം ഹിമശിലകൾ നൽകുകയും ചെയ്യുന്നു. ഹിമശിലകള്‍ കാലക്രമേണ ഉരുകിയാല്‍ അവയില്‍ നിന്ന് ധാതുലവണങ്ങൾ (mineral dust)  പുറന്തളപ്പെടുന്നു. 0.1 മുതല്‍ 20 മെെക്രോമീറ്റർ വലിപ്പം വരുന്ന ഇത്തരം പദാര്‍ത്ഥങ്ങളില്‍ നിന്നാണ് സമുദ്ര ഭക്ഷ്യ ശൃംഖലയുടെ അടിത്തട്ടിലുള്ള ജീവജാലങ്ങള്‍ക്ക് പോഷകം ലഭിക്കുന്നത്. പലതരത്തിലും ഇത്തരം ഹിമശിലകള്‍ ജീവദായകരാണെന്നാണ് സമുദ്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. 

B-22A എന്ന പേരിലറിയപ്പെടുന്ന ​ഹിമശില | Photo: visibleearth.nasa.gov

ഈ വര്‍ഷം A23a ഹിമശിലയ്ക്ക് സമാനമായ സംഭവങ്ങള്‍ അന്റാര്‍ട്ടിക്കയ്ക്ക് സമീപം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ത്വയേറ്റ്‌സ് ഹിമാനിയില്‍ നിന്ന് 20 വര്‍ഷം മുന്‍പ് വേര്‍പ്പെട്ട ബി-22 എ എന്ന ഭീമന്‍ ഹിമശില ഇതേ പോലെ സഞ്ചാരം തുടങ്ങിയിരുന്നു. 

Content Highlights: world's biggest iceberg on the move after 30 years